കെപിഎസി ലളിതയുടെ ജന്മദിനത്തില് സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നറിയിച്ച് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്. തന്റെ അമ്മയുടെ വിയോഗത്തിന് ശേഷമുള്ള പതിനാറാം ദിവസം പൂര്‍ത്തിയായെന്നും ദുഃഖാചരണം അവസാനിപ്പിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം ‘ജിന്നി’ന്റെ ടീസര്‍ പുറത്തുവിട്ടു കൊണ്ടാണ് താരം തന്റെ തിരിച്ചു വരവറിയിച്ചത്. ചിത്രത്തില്‍ കെപിഎസി ലളിതയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ
‘അമ്മയുടെ വിയോഗത്തിന് ശേഷമുള്ള 16-ാം ദിവസമായിരുന്നു ഇന്നലെ. ദുഃഖാചരണത്തിന്റെ ഔദ്യോഗികമായി അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. അതിനാല്‍ ഈ ശുഭദിനത്തില്‍ തന്നെ എന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ തീരുമാനിച്ചു. നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്’.- സിദ്ധാര്‍ത്ഥ് പറഞ്ഞു.
‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിന്ന്’. രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി, കെ മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന് ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സാബുമോന്, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിദ്ര എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. മലയാളചലച്ചിത്രസംവിധായകന്‍ ഭരതന്റെയും മലയാളനാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എ.സി. ലളിതയുടേയും മകനുമാണ് സിദ്ധാര്‍ഥ്. വടക്കാഞ്ചേരി എങ്കക്കാട് ഓര്മ എന്ന ഭവനത്തിലാണ് സിദ്ധാര്‍ഥ് വസിക്കുന്നത്.
2016 മുതല്‍ 2021 വരെ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണും പ്രശസ്തയായ മലയാള ചലച്ചിത്ര അഭിനേത്രിയുമായിരുന്നു കെ.പി.എ.സി ലളിത എന്നറിയപ്പെടുന്ന മഹേശ്വരിയമ്മ (1947 – 2022). വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 22ന് രാത്രി 10:45ന് അന്തരിച്ചു