
നടി മയൂരിയുടെ ആത്മഹത്യ എല്ലാവരെയും ഞെട്ടിച്ചിരുന്നെന്ന് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ‘സമ്മർ ഇൻ ബത്ലഹേം’ റീറിലീസ് സമയത്ത് വേദനയോടെ ഓർത്തുപോകുന്ന മുഖമാണ് മയൂരിയുടേതെന്നും, ഒരു പാവം കുട്ടിയായിരുന്നെന്നും സിബി മലയിൽ പറഞ്ഞു. മൂവി വേൾഡ് ഒറിജിനൽസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മയൂരിയുടെ മരണം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു. വളരെ പാവം കുട്ടിയായിരുന്നു മയൂരി. ഒരു പ്രശ്നനങ്ങൾക്കുമില്ല. വളരെ സൈലന്റ്റായ കുട്ടി”.സിബി മലയിൽ പറഞ്ഞു.
ബാലതാരമായാണ് മയൂരി കരിയർ ആരംഭിക്കുന്നത്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ മയൂരിയ്ക്ക് എട്ട് വയസ്സായിരുന്നു. പിന്നീട് ‘സമ്മർ ഇൻ ബത്ലഹേ’മിലൂടെയാണ് മലയാളത്തിലെത്തുന്നത്. ‘ആകാശഗംഗ’, ‘അരയന്നങ്ങളുടെ വീട്’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2005ലായിരുന്നു മയൂരിയുടെ മരണം. തന്റെ 22-ാം വയസിലാണ് മയൂരി ലോകത്തോട് വിട പറഞ്ഞത്.
അതേ സമയം ഡിസംബർ 12 നായിരുന്നു സമ്മർ ഇൻ ബത്ലേഹം 4k പതിപ്പിൽ വീണ്ടും തീയേറ്ററുകളിലെത്തിയത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, മോഹൻലാൽ, കലാഭവൻ മണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു അത്. 1998ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ എമോഷണൽ എവർഗ്രീൻ ക്ളാസിക്കാണ്. സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം ഗംഭീര വിജയം നേടിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്തത്.