
മകൾക്ക് വേണ്ടി സമ്പാദിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടി ശ്വേതാ മേനോൻ. മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണെന്നും, മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്നും ശ്വേത മേനോൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ എന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല. മകൾക്ക് വേണ്ടി ഞാൻ ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല. അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാൻ കഴിവുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അവൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്താൽ അവളെ വികലാംഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോഗ്യവുമാണ് മകൾക്ക് എനിക്ക് നൽകാനാകുന്നത്. അതിന് ശേഷം അവൾ തന്നെ അവളുടെ ഭാവി കണ്ടെത്തണം. നല്ല ഓർമകൾക്കായി യാത്രകൾ നൽകാറുണ്ട്. എന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു.’ ശ്വേത മേനോൻ പറഞ്ഞു.
‘ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയും. അല്ലെന്ന് ഞാൻ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാൻ പോകൂ, അഞ്ച് പെെസ തരാൻ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വദിക്കണം. അവൾക്ക് വേണ്ടി സമ്പാദിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ഞാനതിൽ വളരെ ക്ലിയർ ആണ്. മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്. നമ്മുക്ക് വേണ്ടി നമ്മൾ ജീവിക്കണം അത് കണ്ട് അവർ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവർക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്.’ ശ്വേത മേനോൻ കൂട്ടിച്ചേർത്തു.