ഹൃദയഹാരിയായ ശുഭരാത്രി

','

' ); } ?>

അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം കെ.പി വ്യാസന്‍ സംവിധാനം ചെയ്ത ശുഭരാത്രി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ശുഭരാത്രിയുടെ വിശേഷങ്ങളാണ് ഇന്നത്തെ സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. സിദ്ദിഖും ദിലീപും പ്രധാന വേഷങ്ങളിലെത്തിയ ശുഭരാത്രി സ്‌നേഹത്തിന്റെയും നന്‍മയുടെയും കുളിര്‍മഴയായി പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുന്നുണ്ട്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രമെന്ന രീതിയില്‍ പ്രമേയത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തികൊണ്ട് തന്നെയാണ് ദൃശ്യാവിഷ്‌കാരം.

നന്‍മ, മത സൗഹാര്‍ദ്ധം, ബാല്യകാല പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മ ഇവയെല്ലാം ചിത്രത്തിന്റെ ആദ്യ പകുതിയില്‍ നിറയുന്നു. ഹജ്ജിന് പോകാന്‍ തയ്യാറെടുക്കുന്ന സിദ്ദിഖ് അവതരിപ്പിച്ച മുഹമ്മദ് എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. എല്ലാവരോടും പൊരുത്തം വാങ്ങാന്‍ പോകുന്ന മുഹമ്മദ് നമ്മലെവിടെയൊക്കെയോ കണ്ടു പരിചയിച്ച ഒരാളായി തിയേറ്ററില്‍ നിന്നിറങ്ങി പോരുമ്പോഴും മനസ്സിലുണ്ടാകും. അപ്രതീക്ഷിതമായി ഒരു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതമാകെ താളം തെറ്റിയാലും ദൈവത്തെ പോലെ ആരോ ഒരാള്‍ നിങ്ങളെ രക്ഷിക്കാനുണ്ടാകുമെന്ന നന്‍മയുടെ ഓര്‍മ്മപ്പെടുത്തലാണ് ശുഭരാത്രി. മികച്ച തിരക്കഥ, കഥയെ കുളിരുള്ള തെന്നല്‍ പോലെ ഒഴുക്കി കൊണ്ടു പോകുന്ന ആല്‍ബിയുടെ ഛായാഗ്രഹണം, ഹര്‍ഷന്റെ ചിത്രസംയോജനവും എടുത്തു പറയേണ്ടുന്ന ഒന്നാണ്. ചെറിയ രംഗങ്ങള്‍ പോലും മനസ്സില്‍ തൊടുന്ന സംവിധാന മികവിന് വ്യാസന്‍ തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു. ഹരിനാരായണന്റെ വരികളും ബിജിപാലിന്റെ സംഗീതവും ചിത്രത്തോട് ചേര്‍ന്ന് നിന്നു.

സിദ്ദിഖിന്റെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നായി തന്നെ മുഹമ്മദ് ഉണ്ടാകും. ദിലീപിന്റെ സ്വാഭാവികാഭിനയം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ശാന്തികൃഷ്ണ, ആശാശരത്, നാദിര്‍ഷ, അനുസിതാര, പ്രശാന്ത് അലക്‌സാണ്ടര്‍, സായികുമാര്‍ തുടങ്ങീ കാസ്റ്റിംഗെല്ലാം തന്നെ മികച്ചതായിരുന്നു. ചെറിയ വേഷമായിട്ടുകൂടി വളരെ ഭംഗിയായി നിഷ്‌കളങ്കാഭിനയം കാഴ്ച്ചവെച്ച ഇന്ദ്രന്‍സിന് വേണ്ടി തിയേറ്ററില്‍ നിന്ന് അപ്പോള്‍ തന്നെ കയ്യടി ഉയര്‍ന്നു. നന്‍മയും സ്‌നേഹവും എളുപ്പം വറ്റില്ലെന്ന് ശുഭരാത്രി മുഹമ്മദിലൂടെയും കൃഷ്ണനിലൂടെയും പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥന നിങ്ങളിലൊതുങ്ങാതെ അത് ലോകത്തിന് വേണ്ടി കൂടെയാകണമെന്ന സന്ദേശമാണ് ചിത്രത്തിന്റെ ആകെ തുക. കഥയ്ക്കാധാരമായ ജീവിതങ്ങളെ അവസാനം പരിചയപ്പെടുത്തിയതും മികച്ചതായി തോന്നി. മതങ്ങളാല്‍ മനസ്സുകളില്‍ മതിലുകള്‍ തീര്‍ക്കലാണ് വിശ്വാസമെന്ന് തെറ്റിദ്ധരിച്ച് പോയവരോട് എന്താകണം പ്രാര്‍ത്ഥനയെന്ന കാണിച്ച തരുന്ന ചിത്രം കുടുംബസമേതം തന്നെ തിയേറ്ററുകളില്‍ പോയി കാണേണ്ടതാണ്.