
തന്റെ പേരും ചിത്രങ്ങളുമുപയോഗിച്ച് ആൾമാറാട്ടം നടത്തുന്നതിനെതിരെ കൂടുതൽ പ്രതികരണങ്ങളുമായി നടി ശ്രിയാ ശരണ്‍. ഇപ്പോൾ ദിവസേന തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണേണ്ടിവരുന്നുവെന്നും കുടുംബംപോലും കബളിപ്പിക്കപ്പെടുന്നുവെന്നും ശ്രിയാ ശരണ്‍ പറഞ്ഞു. കൂടാതെ ഇത്തരം സംഭവങ്ങൾ തടയുന്നതിൽ തൻ്റെ ടീമിന് പോലും പരിമിതികളുണ്ടെന്നും ശ്രിയാ ശരണ്‍ കൂട്ടിച്ചേർത്തു. എച്ച്ടി സിറ്റിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“മറ്റൊരാളുടെ ശരീരവും എൻ്റെ മുഖവും ചേർത്ത, ഞാനല്ലാത്ത എന്റെ ഒരു ചിത്രം മിക്കവാറും എല്ലാ ദിവസവും എൻ്റെ ഇൻസ്റ്റാ ഫീഡിൽ ഞാൻ കാണാറുണ്ട്. എൻ്റെ കുടുംബത്തിന് ഇതെല്ലാം സഹിക്കേണ്ടി വരുന്നു. ചിലപ്പോൾ എഐ ചിത്രങ്ങൾ കണ്ട് അവരും കബളിപ്പിക്കപ്പെടാറുണ്ട്. വ്യാജവും യഥാർത്ഥവും തമ്മിൽ തിരിച്ചറിയാൻ പ്രയാസമായിക്കൊണ്ടിരിക്കുകയാണ്. ഞാൻ ചിന്തിക്കും, ‘ഇത് ഞാനാണോ?’ എന്ന്. അത് കാണാൻ എന്നെപ്പോലെ തന്നെയുണ്ടാകും. അപ്പോഴാണ് യഥാർത്ഥ പ്രശ്‌നം വരുന്നത്, കാരണം എന്റെ കുടുംബത്തെയും എനിക്കറിയാവുന്നവരെയും കബളിപ്പിക്കാൻ അതിന് കഴിയും.” ശ്രിയ ശരൺ പറഞ്ഞു.
“എൻ്റെ പേരും മറ്റെന്തോ എഴുതിയതുമായ ഒരു പ്രൊഫൈലുണ്ട്, അത് വെരിഫൈഡ് ആണെന്ന് തോന്നും. അവർ ഒരു നീല ടിക്ക് മാർക്ക് ഇട്ടുവെന്നുമാത്രം. വെരിഫിക്കേഷൻ ഇപ്പോൾ ആളുകൾക്ക് പണം കൊടുത്തു വാങ്ങാൻ കഴിയുന്ന ഒന്നാണ്. ഇത്തരം ദുരുപയോഗങ്ങൾക്കെതിരെ മറ്റ് സെലിബ്രിറ്റികൾ നിയമവഴി തേടുമ്പോഴും, പ്രായോഗികമായി എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ല. നിങ്ങൾക്ക് ശരിക്കും ഒന്നും ചെയ്യാൻ കഴിയില്ല. ആളുകളെ മണ്ടന്മാരാകുന്നതിൽ നിന്ന് തടയാൻ നിങ്ങൾക്കാവില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഞാൻ ഒരേ ഫോൺ നമ്പറാണ് ഉപയോഗിക്കുന്നത്. ഇത് ഈ സാഹചര്യത്തെ കൂടുതൽ ആശ്ചര്യകരമാക്കി. തുടക്കത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ആൾമാറാട്ടക്കാരൻ്റെ പ്രവൃത്തികൾ വർധിച്ചതോടെ കടുത്ത നടപടികൾ സ്വീകരിക്കാൻ നിർബന്ധിതയായി. ” ശ്രിയ ശരൺ കൂട്ടിച്ചേർത്തു.