
ജയിലർ സിനിമയിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടൻ ശിവരാജ് കുമാർ തന്റെ പുതിയ സിനിമയായ 45’ന്റെ പ്രൊമോഷനുമായി കേരളത്തിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രസ് മീറ്റിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെക്കുറിച്ചുള്ള വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
“വളരെ ഈസി ആയിട്ടാണ് മോഹൻലാൽ സാർ ഓരോ റോളും ചെയ്യുന്നത്. അദ്ദേഹം ആ കഥാപാത്രമായി മാറുകയാണ് ചെയ്യുന്നത്,” എന്ന് ശിവരാജ് കുമാർ പറഞ്ഞു. മോഹൻലാലിന്റെ അഭിനയം താനെന്നും നിരന്തരം അഭിമാനത്തോടെ നോക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“മോഹൻലാൽ സാറിന്റെ രണ്ട് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ‘കവച’ എന്ന കന്നഡ ചിത്രം. അത് ഒപ്പം എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു. പിന്നെ മോഹൻലാൽ അഭിനയിച്ച കിരീടത്തിന്റെ കന്നഡ റീമേക്ക് ആയ മൊഡാഡ മറേയള്ളിയും ഞാൻ ചെയ്തിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, മോഹൻലാലിന്റെ പ്രശസ്തമായ ഡയലോഗ് ‘നീ പോ മോനെ ദിനേശാ’ അവതരിപ്പിക്കാനും അദ്ദേഹം മറന്നില്ല.
അർജുൻ ജന്യ സംവിധാനം ചെയ്തിരിക്കുന്ന ‘45’ എന്ന ചിത്രത്തിൽ ശിവരാജ് കുമാറിനൊപ്പം രാജ് ബി ഷെട്ടിയും ഉപേന്ദ്രയും പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമാ രമേശ് റെഡ്ഡിയും എം. രമേശ് റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെ. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യപ്പെടും. 2025 ഓഗസ്റ്റ് 15ന് ‘45’ ആഗോളതലത്തിൽ പ്രദർശനത്തിന് എത്തും.