
ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരായ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് റിപോർട്ടുകൾ. ചോദ്യം ചെയ്യൽ കഴിഞ്ഞ ഉടനെ തന്നെ പരിശോധനയ്ക്കായി പൊലീസ് ഷൈനെ കൊണ്ടുപോകുമെന്നാണ് ലഭ്യമാകുന്ന സൂചന. ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈൻ ടോം ചാക്കോയുടെ നിലപാട്. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടൽ മുറിയിൽ നിന്ന് ഓടിയതെന്ന് ഷൈൻ ചാക്കോ പൊലീസിനോട് പറഞ്ഞത്. മൂന്ന് എസിപിമാരാണ് അന്വേഷണം നയിക്കുന്നത്.
ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നത് വ്യക്തമാക്കുന്നതിനായി ഷൈൻ ടോം ചാക്കോയുടെ വാട്സ്ആപ്പ് ചാറ്റുകൾ, ഫോൺ കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ തുടങ്ങിയവ പരിശോധിച്ചിട്ടുണ്ട്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഷൈന്‍ ഹാജരായത്. അസോസിയേറ്റ് ഡയറക്ടർ സൂര്യൻ കുനിശ്ശേരിയോടൊപ്പം കാറിൽ എത്തിയ ഷൈനോട് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴും അദ്ദേഹം പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.