ഹോട്ടലിൽ പൊലീസ് എത്തിയപ്പോൾ ഓടിയതിനുള്ള വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ . വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയതെന്ന് ഷൈൻ മൊഴി നൽകി . വന്നത് ഡാൻസഫ് പോലീസാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേഖലയിലുള്ള ചിലർക്കൊപ്പം തനിക്ക് പ്രശ്നങ്ങളുണ്ടെന്നും, ആ വ്യക്തികൾ തൻ്റെ വളർച്ച ഇഷ്ടപ്പെടാത്തവരാണെന്നും ഷൈൻ വ്യക്തമാക്കി. എന്നാൽ അവർ ആരൊക്കെയാണ് എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നും ഷൈൻ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി.
ചോദ്യം ചെയ്യലിനിടെ ഷൈൻ പൂർണമായും സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത് . പല ചോദ്യങ്ങൾക്കും ഒറ്റ വാക്കിൽ മാത്രമാണ് ഷൈൻ മറുപടി നൽകുന്നത്. മൂന്ന് ഫോണുകൾ ഉപയോഗിക്കുന്ന ഷൈൻ ചോദ്യം ചെയ്യലിനായി വെറും ഒരു ഫോൺ മാത്രമാണ് കൊണ്ടുവന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന ഫോൺ കൊണ്ടുവന്നിട്ടുമില്ല. ഷൈന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
ചോദ്യം ചെയ്യലിനായി രാവിലെ 10.30ന് ഹാജരാകാനാണ് ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിരുന്നത്. യാത്രയിലായതിനാൽ വൈകിട്ട് 3.30ന് ഹാജരാകുമെന്ന് പിതാവ് അറിയിച്ചിരുന്നെങ്കിലും ഷൈൻ നേരത്തേ തന്നെ സ്റ്റേഷനിൽ എത്തി. പിതാവിനോടും അഭിഭാഷകനോടുമൊപ്പമായിരുന്നു ഷൈൻ ഹാജരായത്.