ആറാം തിരുകല്‍പ്പനയും കാത്ത് ഷൈന്‍ ടോം ചാക്കോ..!

ഇഷ്‌ക്, ഉണ്ട എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. തമി എന്ന ചിത്രമാണ് ഷൈന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതനായ പ്രവീണ്‍ കെ ആര്‍ സംവിധാനം ചെയ്യുന്ന തമിയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഷൈന്‍ തന്റെ മറ്റൊരു പുതിയ ചിത്രത്തെക്കുറിച്ച് അനൗണ്‍സ്‌മെന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘ആറാം തിരുകല്‍പ്പന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും താരം പങ്കുവെച്ചു. കോറിഡോര്‍ ഫിലിംസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം അജയ് ദേവലോകയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കുമെന്നാണ് ഷൈന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബൈബിളിലെ 20ാം പുറപ്പാടിലെ 13ാം വാചകം എന്ന് ടൈറ്റില്‍ പോസ്റ്ററിന് താഴെ നല്‍കിയിട്ടുണ്ട്. നീ കൊല ചെയ്യരുത് എന്ന ബൈബിള്‍ വചനമാണ് ഈ വാചകം. കാണികളെ ഏറെ ആവേശം കൊള്ളിക്കുന്ന ഒരു മികച്ച ക്രൈം ത്രില്ലറുമായിത്തന്നെയാണ് ചിത്രമെത്തുന്നത് എന്നാണ് പോസ്റ്റിലെ ഈ വാചകം സൂചിപ്പിക്കുന്നത്.

ഷൈന്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും. മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.