
ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാകേസ് ഫയൽ ചെയ്ത് പോലീസ്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനിൽ നിന്നും 60 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബിസിനസുകാരനായ ദീപക് കോത്താരിയാണ് പരാതി നൽകിയിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നി കുറ്റങ്ങള്‍ ചുമത്തി ജുഹു പൊലീസ് സ്റ്റേഷനില്‍ ആദ്യം കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ 10 കോടി രൂപയ്ക്ക് മുകളിലുള്ള വഞ്ചനാ കേസ് ആയതിനാല്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (EOW) കേസ് കൈമാറിയിട്ടുണ്ട്.
2015 ല്‍ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് ദീപക് താര ദമ്പതികളുമായി ബന്ധപ്പെടുന്നത്. ആ സമയത്ത്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു ഈ ദമ്പതികള്‍. അന്ന് കമ്പനിയില്‍ 87 ശതമാനത്തിലധികം ഓഹരികള്‍ ശില്‍പ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു. തുടക്കത്തില്‍ 12 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 75 കോടി രൂപ വായ്പ എടുക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ തുക ഒരു ‘നിക്ഷേപമായി’ മാറ്റാന്‍ രാജേഷ് ആര്യ നിര്‍ദേശിച്ചു. പണം കൃത്യസമയത്ത് തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കരാറിലേർപ്പെട്ടു.
2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു ദീപക് കൈമാറി.എന്നാല്‍ നികുതി പ്രശ്നം തുടര്‍ന്നു. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടികൈമാറി. മൊത്തത്തില്‍, ഇടപാടിനായി 60.48 കോടിയിലധികം രൂപ കൈമാറി. കൂടാതെ 3.19 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും നല്കി. 2016 ഏപ്രിലില്‍ ശില്‍പ്പ ഷെട്ടി തനിക്ക് ഒരു വ്യക്തിഗത ഗ്യാരണ്ടിയും നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറില്‍ ശില്‍പ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. തുടർന്ന് കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയര്‍ന്നുവന്നു. 2015-2023 കാലയളവില്‍ താര ദമ്പതികള്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തി ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കൈപ്പറ്റി. പക്ഷെ അവരത് വ്യക്തിപരമായ ചെലവുകള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്തത്. ദീപക് പരാതിയിൽ ആരോപിച്ചു.