
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബന്’ രണ്ടാം ഭാഗമുണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് നിര്‍മാതാവും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍. ചിത്രീകരണത്തിന്റെ ഒരു ഘട്ടത്തിൽ സിനിമ രണ്ടുഭാഗമായി ഇറക്കാം എന്ന അഭിപ്രായം വന്നപ്പോൾ താനും മോഹൻലാലും അത് എതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒറ്റഭാഗമായി ഇറക്കാന്‍ ഉദ്ദേശിച്ച ചിത്രത്തിന്റെ കഥയാണ് സംവിധായകന് പറഞ്ഞത്. മോഹന്‍ലാല്‍ പത്തുമിനിറ്റുകൊണ്ട് അംഗീകരിച്ച കഥയാണത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഷൂട്ടിങ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ കഥയില്‍ കുറച്ചുമാറ്റങ്ങള്‍ അറിയാതെ കടന്നുവന്നു. പലതടസ്സങ്ങളും പ്രതിസന്ധികളും കാരണമായിരിക്കാം. ഞാന്‍ ആരേയും കുറ്റംപറയുന്നില്ല. ഒരു ഘട്ടം വന്നപ്പോള്‍ ഇത് രണ്ടുഭാഗമായി ഇറക്കാം എന്ന അഭിപ്രായം വന്നു. പറഞ്ഞ സിനിമ മാത്രം എടുത്താല്‍ മതി എന്ന നിലയില്‍ ഞാനും മോഹന്‍ലാലുമടക്കം അതിനോട് വിയോജിച്ചു. ശക്തമായ രണ്ടുഭാഗമായി ഇറക്കാമെന്ന് പറയുകയും അങ്ങനെ പറ്റില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചതുമാണ്. പക്ഷേ, അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ ആദ്യം പറഞ്ഞ കഥയല്ല, ഇപ്പോള്‍ വന്നത്. രണ്ടാംഭാഗത്തിനുവേണ്ടി കഥകൊണ്ടുവന്ന് അവസാനിപ്പിക്കുകയായിരുന്നു’, ഷിബു ബേബി ജോണ്‍ പറഞ്ഞു.
‘നല്ലൊരു സിനിമയാണ്, മോശമല്ല. എന്നാല്‍, പ്രതീക്ഷ വളരേ അധികമായിരുന്നു. അതിന്റെ ദോഷമുണ്ടായി. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന പടം എന്ന നിലയില്‍ വാനോളം പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷ മറ്റൊരു ലെവലിലേക്ക് പോയതാണ്. രണ്ടാംഭാഗത്തിലേക്ക് പോവാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. രണ്ടാംഭാഗത്തിന് പരിപാടിയില്ല’- ഷിബു ബേബി ജോണ്‍ കൂട്ടിച്ചേർത്തു.