വിജയ് ചിത്രം ദളപതി 63യില്‍ വില്ലനായെത്താനൊരുങ്ങി ബോളിവുഡ് താര രാജാവ് ഷാരൂഖ് ഖാന്. ഷാരൂഖ് അരങ്ങേറ്റം കുറിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിലെ 15 മിനിറ്റുകളോളം നീണ്ട വേഷത്തില്‍ ഒരു മാസ്സ് വില്ലന്‍ വേഷത്തിലായിരിക്കും താരമെത്തുമെന്നാണ് സൂചനകള്‍.
ചിത്രത്തില്‍ ക്ലൈമാക്സിനോടടുത്ത് ഒരു അതിഥി വേഷത്തിലായിരിക്കും താരമെത്തുന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൃത്ത്യമായ ഒരു വേഷവുമായിത്തന്നെ താരം ചിത്രത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദിയിലെ ഒരു പ്രമുഖ താരം തന്നെ ചിത്രത്തില്‍ വേണമെന്ന് നിര്‍മ്മാതാക്കള്‍ തുടക്കം മുതല്‍ ആഗ്രഹിച്ചിരുന്നു. സംവിധായകന് ആറ്റ്ലി ഷാരൂഖ് ഖാനെ സമീപിച്ചതോടെ നിബന്ധനകളോട് അദ്ദേഹം സമ്മതം മൂളുകയായിരുന്നു. നാല്-അഞ്ച് ദിവസം നീളുന്ന ഷൂട്ട് ചെന്നൈയില്‍ വേണോ മുംബൈയില്‍ വേണോ എന്ന ആലോചനയിലാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ ഐപിഎല്‍ കളിക്കിടെ ഷാരൂഖ് ഖാനൊപ്പം ഇരിക്കുന്ന ആറ്റ്ലിയുടെ ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ തന്നെ കിംഗ് ഖാന്റെ തമിഴ് അരങ്ങേറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ആറ്റ്ലി ചിത്രമായ മെര്‍സലിന്റെ ഹിന്ദി റീമേക്കിലും ഷാരൂഖ് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആറ്റ്ലി തന്നെയാകും ചിത്രം ബോളിവുഡിലും ഒരുക്കുക.