
തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു “ഞണ്ടുകളുടെ നാട്ടിലൊരിടവേള” യെന്ന് മനസ്സ് തുറന്ന് നടി ശാന്തി കൃഷ്ണ. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ താൻ വീണുപോയെന്നും, തന്റെ ആദ്യത്തെ ഫിലിം ഫെയർ അവാർഡും ആ ചിത്രത്തിനായിരുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു. കൂടാതെ നിവിൻ പോളിയെ അറിയില്ലെന്ന വിവാദ പ്രസ്താവനയെ കുറിച്ചും താരം വിശദീകരണം നൽകി. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ക്രിസ്മസ് വിശേഷങ്ങൾ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ.
“ഒരു 25 വർഷത്തോളം കരിയറിൽ ബ്രേക്ക് എടുത്തു നിൽക്കുന്ന സമയത്താണ് “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള” എന്ന ചിത്രത്തിലേക്ക് എന്നെ അപ്പ്രോച്ച് ചെയ്യുന്നത്. അതും ഫേസ്ബുക്കിലൂടെയുള്ള മെസ്സേജ് വഴിയായിരുന്നു. അത് കൊണ്ട് ആദ്യം ഞാനത് ആരെങ്കിലും തമാശ കാണിക്കുന്നതാണെന്നാണ് കരുതിയത്. പക്ഷെ പിന്നെയും അവർ കണ്ടിന്യൂസ് ആയി എന്നെ അപ്പ്രോച്ച് ചെയ്തപ്പോൾ എടുത്ത തീരുമാനമാണ് “ഞണ്ടുകളുടെ നാട്ടിലൊരിടവേള”. ആ സമയത്ത് അത് നിവിന്റെ പടമാണെന്ന് പറഞ്ഞപ്പോൾ ആരാണ് നിവിൻ പോളി എന്ന് ഞാൻ ചോദിച്ചത് വലിയ വിവാദമായിരുന്നു. സത്യത്തിൽ ഞാനന്ന് മലയാളം പടങ്ങൾ കാണാറുണ്ടായിരുന്നില്ല. ഇംഗ്ലീഷും, ഹിന്ദിയും, പിന്നെ വെബ് സീരീസുമൊക്കെയായിരുന്നു ഞാൻ കാണുന്നത്. അത് കൊണ്ട് യൂത്ത് ആയിട്ടുള്ള അധികം പേരെയൊന്നും എനിക്കറിയില്ലായിരുന്നു. അത് കൊണ്ടാണ് അന്ന് ഞാനങ്ങനെ പറഞ്ഞത്.” ശാന്തി കൃഷ്ണ പറഞ്ഞു
“പുതുമയുള്ള ആരെങ്കിലും വേണം, എന്നാൽ പുതിയ ആർട്ടിസ്റ്റുകളെ വേണ്ട എന്ന കോൺസെപ്റ്റുള്ളത് കൊണ്ടാണ് അൽത്താഫും ടീമും ചിത്രത്തിലേക്ക് എന്നെ ചൂസ് ചെയ്യുന്നത്. സത്യത്തിൽ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ഞാൻ വീണുപോയി. എന്റെ ആദ്യത്തെ ഫിലിം ഫെയർ അവാർഡും ആ ചിത്രത്തിനായിരുന്നു. പിന്നെ ഞാൻ വർക്ക് ചെയ്തിരുന്ന സമയത്തിൽ നിന്നും ഇന്നത്തെ സിനിമയിലേക്ക് ഒരുപാട് വ്യത്യാസമുണ്ട്. ഈ പറയുന്ന മോണിറ്ററൊന്നും അന്നില്ല. ആദ്യം ഞങ്ങൾക്കൊരു വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. അതിൽ എനിക്കൊരു സീൻ തന്നിട്ട് അത് ചെയ്യാൻ പറഞ്ഞു. എന്റേതായ രീതിയിൽ അവതരിപ്പിക്കാനാണ് പറഞ്ഞത്. ആ സമയത്ത് ആ കഥാപാത്രത്തിനെ കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു. കാൻസർ ഉണ്ട് എന്നറിയുന്ന ഒരു പേഷ്യന്റിന്റെ സിറ്റുവേഷൻ ആയിരുന്നു ചെയ്യാൻ പറഞ്ഞത്. ഞാനത് ഭയങ്കര ഇമോഷണൽ ആയിട്ട് ചെയ്തു. അപ്പോൾ ഞാൻ ഭയങ്കര കൂളാണെന്നും, ഇത്രയും കാലം മാറി നിന്നത് അഭിനയത്തെ ബാധിച്ചിട്ടില്ലെന്നുമൊക്കെ പിന്നീട് അവര് പറഞ്ഞപ്പം ഭയങ്കര സന്തോഷമായി. പക്ഷെ പിന്നീട് സിനിമയുടെ ഷൂട്ടിങ്ങിനു വന്നപ്പോഴാണ് മനസിലായത് അത്രയും ഇമോഷണൽ ആയിട്ടല്ല അത് ചെയ്യേണ്ടതെന്ന്. ആ കഥാപാത്രം ഭയങ്കര ബോൾഡാണെന്നൊക്കെ.” ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.
ഒരു നീണ്ട ഇടവേളക്ക് ശേഷം ശാന്തി കൃഷ്ണ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു “ഞണ്ടുകളുടെ നാട്ടിലൊരിടവേള”. നിവിൻ പോളി നായകനായെത്തിയ ചിത്രത്തിൽ ഐഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. ഐശ്വര്യയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ശാന്തി കൃഷ്ണയുടെ ആദ്യ ഫിലിം ഫെയർ അവാർഡും ഈ ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് കുട്ടനാടൻ മാർപാപ്പ, അരവിന്ദന്റെ അതിഥികൾ,മഴയത്ത് , മംഗല്യം തന്തുനാനേന, എന്റെ ഉമ്മാന്റെ പേര്, വിജയ് സൂപ്പറും പൗർണ്ണമിയും, മിഖായേൽ, ലോനപ്പന്റെ മാമോദീസ, അതിരൻ, ശുഭരാത്രി, മാർഗം കളി, തിരികെ , ഗോൾഡ്, പാച്ചുവും അത്ഭുത വിളക്കും, കിംഗ് ഓഫ് കൊത്ത, പാലും പഴവും തുടങ്ങി മികച്ച ഒരുപിടി സിനിമകളിലും വേഷമിട്ടു.
1980-കളിലും 90-കളിലും മലയാളത്തിൽ സജീവമായിരുന്ന താരമാണ് ശാന്തി കൃഷ്ണ. 16-ാം വയസിൽ ‘നിദ്ര’ എന്നി സിനമിയിലൂടെയാണ് ശാന്തി വെള്ളിത്തിരയിലെത്തുന്നത്. പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക നടൻമാരുടേയും നായികയായി അഭിനയിച്ചു. ‘ചകോര’ത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 1984-ൽ 19-ാം വയസിലാണ് അവർ നടൻ ശ്രീനാഥിനെ വിവാഹം ചെയ്യുന്നത്. 12 വർഷത്തിനുശേഷം ഇരുവരും വഴിപിരിഞ്ഞു. 1998-ൽ യുഎസിൽ വ്യവസായിയായ ബജോരെ സദാശിവനെ പിന്നീട് ശാന്തി കൃഷ്‌ണ വിവാഹം ചെയ്തെങ്കിലും 2016-ൽ ഇരുവരും വിവാഹമോചിരതായി. ഈ ബന്ധത്തിൽ ശാന്തി കൃഷ്ണയ്ക്ക് രണ്ട് മക്കളുണ്ട്.