“ലോക”ക്ക് പേരിട്ടത് ആ ഗാനരചയിതാവ്; വെളിപ്പെടുത്തി ശാന്തി ബാലചന്ദ്രൻ

','

' ); } ?>

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം “ലോക”ക്ക് പേരിട്ടത് ഗാനരചയിതാവ് വിനായക് ശശികുമാറാണെന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ സഹ രചയിതാവ് ശാന്തി ബാലചന്ദ്രൻ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ശാന്തി ബാലചന്ദ്രൻ.

“പേരിന്റെ മുഴുവൻ ക്രെഡിറ്റും ഗാനരചയിതാവ് വിനായക് ശശികുമാറിനാണ്. ‘ശോകമൂകം’ എന്ന ഗാനത്തിന്റെ പണിപ്പുരയിലായിരുന്നു ആ സമയത്ത് അദ്ദേഹം. ഞങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ഉണ്ടായിരുന്നു. പക്ഷേ ആരും അതിലൊന്നിലും പൂർണമായും തൃപ്തരായിരുന്നില്ല. നമ്മൾ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനാൽ ‘ലോക’ എന്ന് പറയുന്നത് വളരെ ഉചിതമാണെന്ന് തോന്നി”. ശാന്തി ബാലചന്ദ്രൻ പറഞ്ഞു.

കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക’ ‘തരംഗം’ എന്ന ചിത്രത്തിന് ശേഷം ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ലോക. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ലോക സ്വന്തമാക്കിയത്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

ചിത്രത്തിൽ നസ്ലെനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു.