ഷെയിനിന് വിലക്ക്..!!നിര്‍മ്മാതാക്കളുടെ സംഘടനയുടെ യോഗം ഇന്ന്

നടന്‍ ഷെയ്ന്‍ നിഗം സിനിമയുമായി സഹകരിക്കുന്നില്ലെന്ന ‘വെയില്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശരത് മേനോന്റെയും നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെയും പരാതിയില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും.

വെയില്‍ എന്ന സിനിമയുടെ സെറ്റില്‍ സംവിധായകന്‍ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മുടിയും താടിയും വെട്ടിക്കളയുകയും ചെയ്തിരുന്നു. വെയിലില്‍ ഷെയ്‌നിന് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. കുര്‍ബാനി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഷെയ്ന്‍ മുടി മുറിച്ചു എന്ന് പറഞ്ഞ് നേരത്തേയും വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍.

കരാര്‍ ലംഘിച്ച് ഗെറ്റപ്പ് ചെയ്ഞ്ച് നടത്തിയതിനു നിര്‍മാതാക്കളുടെ വിലക്ക് നിലനില്‍ക്കുകയാണ് ഷെയിന് ഇപ്പോള്‍. ഇതിനിടെ വീണ്ടും രൂപമാറ്റം വരുത്തിയത് അതീവ ഗൗരവത്തോടെയാണ് സംഘടന കാണുന്നത്. അച്ചടക്ക ലംഘനം നിരന്തരം ആവര്‍ത്തിക്കുന്നത് നിസ്സാരമായി കാണാനാകില്ല എന്നാണ് ഭൂരിപക്ഷ നിലപാട്. അതുകൊണ്ട് തന്നെ ഇന്ന് ചേരുന്ന യോഗത്തില്‍ ഷെയിനിന് എതിരെ ശക്തമായ അച്ചടക്ക നടപടി ഉണ്ടായേക്കും.

ഉല്ലാസം എന്ന സിനിമയുടെ നിര്‍മ്മാതാവും ഷെയിനിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും ഡബ്ബിംഗ് ചെയ്ത് നല്‍കിയില്ല എന്നാണ് പരാതി. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും. വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ നിര്‍മ്മാതാക്കളുടെ സംഘടന ഷെയിനിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.