ഷാനവാസിന്റെ ഹൃദയം മിടിക്കുന്നു … വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്

സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ,അദ്ദേഹത്തിന്റെ ഹൃദയം മിടിക്കുന്നുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഒരത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച വിജയ് ബാബു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അറിയിച്ചു.അതേ സമയം നിരവധി മാധ്യമങ്ങള്‍ സംവിധായകന്‍ അന്തരിച്ചതായി വാര്‍ത്ത പുറത്തുവിട്ടിരുന്നു.ഡയറക്ടേഴ്‌സ് യൂണിയനും നിരവധി താരങ്ങളും സമൂഹ മാധ്യമങ്ങളില്‍ സംവിധായകന് ആദരാഞ്ജലികളുമായി എത്തിയ പശ്ചാത്തലത്തിലാണ് വിജയ് ബാബു വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയത്.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ് 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്!കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്. കോവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്.