‘അച്ഛന്‍ ചെയ്ത ദ്രോഹമേ’; നെപ്പോളിയന്റെ ഹോളിവുഡ് എന്‍ട്രിയില്‍ അസൂയപ്പെട്ട് ഷമ്മി തിലകന്‍ ..!

തമിഴ് നടന്‍ നെപ്പോളിയന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രം ഒരുങ്ങുന്ന വാര്‍ത്ത നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്രിസ്മസ് കൂപ്പണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് നെപ്പോളിയന്‍ അഭിനയിക്കുന്നത്. മുണ്ടക്കല്‍ ശേഖരനായി മലയാളികള്‍ക്ക് പ്രിയങ്കരനായ നെപ്പോളിയന് ആശംസകളുമായി ആരാധകരും സിനിമാതാരങ്ങളും ഒരേപോലെ എത്തി. എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള ഷമ്മി തിലകന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്‌കൂളില്‍ പോയിരുന്ന കാലത്ത് മര്യാദയ്ക്ക് ഇംഗ്ലിഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡില്‍ പോയി രക്ഷപ്പെടാമായിരുന്നുവെന്ന് സംഭവത്തെക്കുറിച്ചുള്ള ഷമ്മി തിലകന്റെ പ്രതികരണം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നെപ്പോളിയന്റെ ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു താരം സംഭവത്തെക്കുറിച്ച് കമന്റ് നല്‍കിയത്.

ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം-‘പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലിഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! അച്ഛന്‍ ചെയ്ത ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം.’-ഷമ്മി പറഞ്ഞു.

ഡാനിയല്‍ നഡ്‌സെന്‍ ആണ് ക്രിസ്മസ് കൂപ്പണ്‍ സംവിധാനം ചെയ്യുന്നത്. മോഡല്‍ ഷീന മോന്നിന്‍ ആണ് ചിത്രത്തില്‍ നെപ്പോളിയന്റെ നായിക. ഡെവിള്‍സ് നൈറ്റ്; ഡോണ്‍ ഓഫ് ദ് നെയ്ന്‍ റോഗ് ആണ് നെപ്പോളിയന്റെ ആദ്യ ഹോളിവുഡ് ചിത്രം.