
തിലകനും സംവിധായകൻ രഞ്ജിത്തും തമ്മിലുണ്ടായിരുന്ന തർക്കത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഷമ്മി തിലകൻ. രഞ്ജിത്തുമായുള്ള വഴക്കിനിടയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം തിലകന് മൂക്കിലൂടെ രക്തം വന്നിരുന്നെന്ന് ഷമ്മി തിലകൻ പറഞ്ഞു. കൂടാതെ രഞ്ജിത്ത് തന്നെ വിളിച്ച് മാപ്പു പറയുകയും, തിലകനോട് പറയില്ലെന്ന് പറഞ്ഞെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിലേക്ക് തിലകനെ കാസ്റ്റ് ചെയ്‌ത സംഭവവും ഷമ്മി തിലകൻ ഓർത്തെടുത്തു. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരിക്കൽ അച്ഛനും രഞ്ജിത്തുമായി നല്ലൊരു വഴക്കുണ്ടായി. അങ്ങോട്ടും ഇങ്ങോട്ടും സംസാരമൊക്കെയുണ്ടായി. അച്ഛന് അത് വല്ലാതെ ഫീൽ ചെയ്തു. ഈ വഴക്കിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം അച്ഛന് മൂക്കിൽകൂടി ചോരവരുകയും, ദേഷ്യത്തിൽ ലൊക്കേഷനായ പൊള്ളാച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാറോടിച്ച് പോവുകയും ചെയ്തു. ഈ വിവരം ആ പടത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ച് പറഞ്ഞിരുന്നു. രണ്ട് മണിക്കൂറിനുശേഷം എനിക്ക് പരിചയമില്ലാത്ത നമ്പറിൽനിന്ന് ഒരു കോൾ വന്നു. രഞ്ജിത്തായിരുന്നു അത്. അദ്ദേഹം കുറച്ചുനേരം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. എന്നോട് മാപ്പുപറയുകയാണെന്നും എന്നാൽ അച്ഛനോട് മാപ്പുപറയില്ലെന്നും പറഞ്ഞു. അച്ഛന്റെ കയ്യിലും തെറ്റുണ്ടെന്ന് രഞ്ജിത് പറഞ്ഞു.”ഷമ്മി തിലകൻ പറഞ്ഞു.
“അച്ഛന് സിനിമയിൽ വിലക്കുള്ള സമയമായിരുന്നു അത്. പൃഥ്വിരാജ് നായകനാകുന്ന സിനിമയിൽ അച്ഛന് വളരെ നിർണായകമായ ഒരു കഥാപാത്രമുണ്ട് എന്നും, അത് സിനിമയുടെ ഹൈലൈറ്റ് ആണെന്നും രഞ്ജിത്ത് അറിയിച്ചു. തനിക്കൊരു കോംപ്ലക്സ് ഉള്ളതുകൊണ്ട് അച്ഛനെ വിളിക്കാൻ പറ്റിയ ഒരന്തരീക്ഷം ഉണ്ടാക്കിത്തരാമോ എന്നും രഞ്ജിത് ചോദിച്ചു. രഞ്ജിത്തിനുവേണ്ടി ഞാൻ തിലകനെ വിളിച്ചപ്പോൾ ആദ്യം വഴക്കാണ് കേട്ടത്. പിന്നീട് രഞ്ജിത്ത് നേരിട്ടുവിളിച്ചു സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു.” ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
അതേ സമയം വിലായത്ത് ബുദ്ധയിലെ ഷമ്മിയുടെ ഭാസ്‌ക്കരൻ മാഷിന്റെ കഥാപാത്രം വലിയ രീതിയിൽ സ്വീകാര്യത നേടുന്നുണ്ട്. ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്‌ത നോവലായ ‘വിലായത്ത് ബുദ്ധ’യുടെ അതേ പേരിലുള്ള ദൃശ്യാവിഷ്‌കാരമാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ എത്തിയിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയേറ്റേഴ്‌സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന സിനിമയാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.