ചലച്ചിത്ര അക്കാദമി മലയാള സിനിമയുടെ ചരിത്രം വളച്ചൊടിക്കുന്നുവെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍. തന്നെ പലരും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും സദസ്സില്‍ പോയി കാഴ്ചക്കാരനായി ഇരിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പങ്കെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു ചലച്ചിത്ര അക്കാദമിക്കു പ്രത്യേക വാന്‍ സജ്ജീകരിച്ചിട്ടുണ്ട്. വാനിന്റെ പുറത്ത് പ്രമുഖ സിനിമകളുടെ പേരു പെയ്ന്റ് ചെയ്തിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയിലെ ചില ആളുകള്‍ ഇടപെട്ട് ഷാജിയുടെ പിറവിയുടെ പേര് മായിച്ചു കളഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.
നേരത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പ്രതികരിച്ചുകൊണ്ട് നടന്‍ സലീം കുമാര്‍ രംഗത്തെത്തിയിരുന്നു.