ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാനചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഗായകന്‍ ഷഹബാസ് അമന്‍ നന്ദി പറഞ്ഞ് കൊണ്ട് ലൗ മാഷപ്പ് പങ്കുവെച്ചു. ഒരു ഹലാല്‍ ലവ് സ്റ്റോറിയിലേയും വെള്ളം എന്ന ചിത്രത്തിലേയും ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ലൗ മാഷപ്പ് അവതരിപ്പിച്ചത്. കേരള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരപ്രഖ്യാപനത്തില്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപെടാന്‍ കാരണമായതായി ജ്യറി പ്രത്യേകം പരാമര്‍ശിച്ച രണ്ടു ഗാനങ്ങളുടെ ഒരു സ്‌നേഹ സമ്മിശ്രണമാണിതെന്ന് ഗായകന്‍ പറയുന്നു. പ്രിയ ഗായകനും സംഗീതജ്ഞനുമായ സച്ചിന്‍ ബാലുവിനോടു ചേര്‍ന്ന് രണ്ടേ രണ്ട് കോഡുകളുടെ സഹായത്തോടെ രണ്ട് വ്യത്യസ്ത അഭിരുചീഗാനങ്ങളെ, രണ്ട് വിഭിന്ന ശ്രുതികളെ ഇവിടെ സ്‌നേഹപൂര്‍വ്വം ഒന്നിപ്പിക്കുകയാണെന്ന് പറഞ്ഞ് പങ്കുവെച്ച വീഡിയോയും കുറിപ്പും താഴെ.
സുന്ദര ആകാശം
‘സുന്ദരനായവനും’, ‘ ആകാശമായവളും’, ഒരിക്കൽ ‘ഒറ്റരൂപമനുഷ്യം’ ആയിരുന്നു എന്നും ചിരപുരാതനഹേയ്റ്റേഴ്സിനെക്കൊള്ളെയും ദേവഗണാസൂയയാലും രണ്ടായി വിച്ഛേദിക്കപ്പെട്ട ആ ശരീരങ്ങൾ (body and mind) പരസ്പരം സംഗമിക്കാൻ ദാഹിക്കുന്നതാണു ആൺ പെൺ ബന്ധത്തിനാധാരം എന്നും പുരാതനഗ്രീക്ക് കഥകളിൽ നമ്മൾ വായിച്ചിട്ടുണ്ട്. ജൻഡർഫ്ലൂയിഡിന്റെ ഈ മഴവിൽക്കാലത്ത് അത്തരം മിത്തുകൾ അപര്യാപ്തമോ അപ്രസക്തമോ ആയിത്തീർന്നേക്കാമെങ്കിലും ഡിഫറന്റ് എൻന്റിറ്റികളുടെ പാരസ്പര്യം ചിലപ്പോൾ ആകർഷകമായിരിക്കുമെന്നും (ചേല്) ചിലപ്പോൾ അനിവാര്യം (മാണ്ട്യേരും) ആയിരിക്കുമെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നു. ഭേദം എന്ന വാക്ക് വ്യത്യാസം എന്ന അർത്ഥത്തോടൊപ്പം ‘സുഖം’ എന്ന ഗുണഫലത്തെ കൂടി തരുന്നില്ലേ.
പ്രിയം നിറഞ്ഞവരേ, കേരള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരപ്രഖ്യാപനത്തിൽ മികച്ച ഗായകനായി തെരഞ്ഞെടുക്കപെടാൻ കാരണമായതായി ജ്യറി പ്രത്യേകം പരാമർശിച്ച രണ്ടു ഗാനങ്ങളുടെ ഒരു സ്നേഹ സമ്മിശ്രണമാണിത്, ലൗ മാഷപ്പ്. അതിനാൽ നമ്മളെല്ലാം ഏതൊക്കെത്തരക്കാരാവട്ടെ, കഴിയുമ്പോളെല്ലാം ഈ രണ്ടു ഗാനങ്ങളെപ്പോലെ ലയിച്ച് ചേരാൻ ബോധപൂർവം ശ്രമിക്കാം! അതിനു ഒരു ബ്രിഡ്ജ് വേണം എന്ന് മാത്രം ! പ്രിയ ഗായകനും സംഗീതജ്ഞനുമായ സച്ചിൻ ബാലുവിനോടു ചേർന്ന് രണ്ടേ രണ്ട് കോഡുകളുടെ സഹായത്തോടെ രണ്ട് വ്യത്യസ്ത അഭിരുചീഗാനങ്ങളെ, രണ്ട് വിഭിന്ന ശ്രുതികളെ ഇവിടെ സ്നേഹപൂർവ്വം ഒന്നിപ്പിക്കുകയാണു. അഭിനന്ദനങ്ങൾ ആത്മാർത്ഥം അറിയിച്ചവർക്കും അത് ഉള്ളിലിരുന്ന് വിങ്ങുന്നവർക്കും പുരസ്കാരലബ്ധി ഇഷ്ടമായവർക്കും അല്ലാത്തവർക്കും ഇവിടുത്തെ ആലാപനശൈലിയെ വളരെയധികം ഉൾക്കൊള്ളാൻ കഴിയുന്നവർക്കും കുറച്ചൊക്കെ കഴിയുന്നവർക്കും ഒരു നിലക്കും കഴിയാത്തവർക്കും കാരണത്തോടെയും കാരണമില്ലാതെയും സ്നേഹിക്കുന്നവർക്കും അതേ വിധം വെറുക്കുന്നവർക്കും ആരെന്നും എന്തെന്നുമൊന്നും നോക്കാതെ സ്നേഹം ഇതാ വാരിക്കോരിത്തരുന്നു നന്ദി ഗ്രാറ്റിറ്റ്യൂഡ് അൽഹംദുലില്ലാ ശുക്‌റൻ ജസീലൻ.