ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണം ; രജനീകാന്ത്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. മതം സംബന്ധിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. ക്ഷേത്രങ്ങളില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളേയും ഐതിഹ്യങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്നും രജനി വ്യക്തമാക്കി. നേരത്തെ വിധിയെ അനുകൂലിച്ച് വിജയ് സേതുപതിയും തൃഷയും രംഗത്തെത്തിയിരുന്നു.

ക്ഷേത്രങ്ങളിലെ പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. മീ ടൂ കാംപെയിന്‍ സ്ത്രീകള്‍ക്ക് നല്ലതാണ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുതെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം, തന്റെ പാര്‍ട്ടി പ്രഖ്യാപനം നീളുന്ന കാര്യത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടി രൂപീകരണത്തിന് വേണ്ട കാര്യങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായി. എന്നാല്‍ എന്ന് പ്രഖ്യാപിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. പ്രഖ്യാപനം എന്നുണ്ടാകുമെന്ന് പിന്നീട് അറിയിക്കാമെന്നും രജനീകാന്ത് വ്യക്തമാക്കി.