സേവാഭാരതി കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട എന്‍.ജി.ഒ ആണോ?

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാന്‍ സിനിമക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിഷ്ണു മോഹന്‍. സിനിമ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നു. ഇതിനാണ് സംവിധായകന്‍ മറുപടി നല്‍കിയിരിക്കുന്നത്. ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നുവെന്നും ഷൂട്ടിന് ആംബുലന്‍സ് നല്‍കാന്‍ തയ്യാറായവര്‍ വലിയ തുക ചോദിച്ച സമയത്ത് സൗജന്യമായി സേവാ ഭാരതി ആംബുലന്‍സ് നല്‍കാന്‍ തയ്യാറായതോടെയാണ് സിനിമയില്‍ അത് ഉപയോഗിച്ചതെന്ന് വിഷ്ണു മോഹന്‍ പറയുന്നു.

ഈ സിനിമയിലെ നിസാര കാര്യങ്ങളാണ് പ്രശ്നമാക്കി കൊണ്ടിരിക്കുന്നത്. ഇതിനകത്ത് സേവാഭാരതി എന്ന എന്‍.ജി.ഒയുടെ ആംബുലന്‍സ് ഉപയോഗിച്ചിട്ടുണ്ട്. ഈ ആംബുലന്‍സ് ഉപയോഗിച്ചതാണ് വലിയ പ്രശ്നം. ഇതിന് രണ്ട് വശമുണ്ട്. ഒന്ന് കോവിഡിന്റെ ഫസ്റ്റ് ലോക്ക് ഡൗണിന് ശേഷമാണ് ഈ സിനിമ ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നു, കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെ പലരോടും ചോദിച്ചപ്പോള്‍ ആംബുലന്‍സുകള്‍ക്ക് 12000-15000 ഒരു ദിവസ വാടക പറഞ്ഞു. 12-13 ദിവസം ഷൂട്ടിന് വേണ്ടി ഈ ആംബുലന്‍സ് വേണ്ടി വന്നിരുന്നു. ആ സമയത്ത് എനിക്ക് സൗജന്യമായി ആംബുലന്‍സ് തന്നത് സേവാഭാരതിയാണ്. അതുകൊണ്ടാണ് സേവാഭാരതി ആംബുലന്‍സ് സിനിമയില്‍ ഉപയോഗിച്ചത്. അതവരുടെ സ്വന്തം ആംബുലന്‍സാണ്. ഞങ്ങള്‍ സ്റ്റിക്കര്‍ ഒട്ടിച്ചതൊന്നുമല്ല. അതുകൊണ്ടാണ് താങ്ക്സ് കാര്‍ഡില്‍ സേവാഭാരതി കൊടുത്തിരിക്കുന്നത്. താങ്ക്സ് കാര്‍ഡില്‍ കൊടുത്തതൊക്കെയാണ് ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.

സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എന്‍.ജി.ഒ ആണ്. ഒരു ബ്ലാക്ക് ലിസ്റ്റഡ് എന്‍.ജി.ഒ ഒന്നുമല്ലല്ലോ. ഇതുപയോഗിക്കുന്നതില്‍ എന്താണ് തെറ്റ് എന്നുള്ളത് എനിക്കറിയില്ല. ഇനി നാളെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ ഈ സേവാഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ലല്ലോ. കേരളത്തില്‍ ആര്‍ക്കാണ് അറിയാത്തത്. ഇവിടുത്തെ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതല്ലേ. എല്ലാ ദുരന്തങ്ങള്‍ ഇവിടെ സംഭവിക്കുമ്പോഴും പൊലീസും ഫയര്‍ഫോഴ്സും കഴിഞ്ഞാല്‍ ഞാന്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിര്‍ത്തി എങ്ങനെ സിനിമ ചെയ്യാന്‍ പറ്റും. ഈ ആംബുലന്‍സ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകള്‍ ഇങ്ങനെ പറയാന്‍ നിന്നാല്‍ അങ്ങനെയൊക്കെ ചിന്തിച്ചാല്‍ ഇവിടെ സിനിമ ചെയ്യാന്‍ പറ്റില്ല. വിഷ്ണു ഒരു അഭിമുഖത്തില്‍ പറഞ്ഞു.