
മാർക്കോണി മത്തായിക്ക് ശേഷം മലയാളത്തിൽ സിനിമകൾ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി നടൻ വിജയ് സേതുപതി. മലയാളത്തിൽ നിന്ന് നിരവധി കഥകൾ കേട്ടെങ്കിലും ഒന്നും ഇഷ്ടമായില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. കൂടാതെ ‘തുടരും കണ്ടിരുന്നുവെന്നും, മലയാള സിനിമകൾ തനിക്ക് വളരെ ഇഷ്ടമാണെന്നും സേതുപതി കൂട്ടിച്ചേർത്തു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മാർക്കോണി മത്തായി കഴിഞ്ഞ് മലയാളത്തിൽ നിന്ന് നിരവധി കഥകൾ കേട്ടു. പക്ഷേ അവയിൽ ഒന്നും ഇഷ്ടമായില്ല. പലരുടെയും അടുത്ത് നിന്ന് കഥ കേൾക്കും, ചിലപ്പോൾ ഞാൻ ഒക്കെ പറയും. എന്നാൽ പിന്നീട് അവർ വീണ്ടും വരാറില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല. മലയാളം, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്ന് നിരവധി കഥകൾ വരാറുണ്ട്. എന്നാൽ എനിക്ക് ഇഷ്ടപ്പെടുന്ന കഥകൾ ഇതുവരെ കിട്ടിയിട്ടില്ല.’ വിജയ് സേതുപതി പറഞ്ഞു.
‘മലയാള സിനിമകൾ എനിക്ക് വളരെ ഇഷ്ടമാണ്. ‘തുടരും എന്ന സിനിമ കണ്ടിരുന്നു. വളരെ ഇഷ്ടമായി. അത് പോലെ മമ്മൂട്ടി അഭിനയിച്ച കളങ്കാവൽ സിനിമയും വളരെ നന്നായിട്ടുണ്ട്.’ വിജയ് സേതുപതി കൂട്ടിച്ചേർത്തു.
2019 ൽ പുറത്തിറങ്ങിയ മാർക്കോണി മത്തായി ആണ് ഒടുവിൽ വിജയ് അഭിനയിച്ച മലയാള സിനിമ. വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി മണികണ്ഠൻ ഒരുക്കുന്ന തമിഴ് വെബ് സീരീസ് ‘കാട്ടാൻ’ റിലീസിന് തയ്യാറെടുക്കുകയാണ്. ‘ഫർസി’ എന്ന സൂപ്പർഹിറ്റ് ഹിന്ദി പരമ്പരയ്ക്ക് ശേഷം വെബ് സീരീസ് ലോകത്തേക്ക് വിജയ് സേതുപതി മടങ്ങിയെത്തുന്ന ഈ പ്രൊജക്റ്റ് മാർച്ച് അവസാനവാരം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.