
ടെലിവിഷന്‍ താരങ്ങള്‍ക്കും ദേശീയ പുരസ്‌കാരം വേണമെന്ന ആവശ്യം ഉന്നയിച്ച് ഹിന്ദി സീരിയൽ താരം രൂപാലി ഗാംഗുലി. 71-ാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രൂപാലിയുടെ പ്രതികരണം. കോവിഡ് സമയത്ത് പോലും ഞങ്ങള്‍ ടിവി ആര്‍ട്ടിസ്റ്റുകള്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെ എങ്ങനെയാണ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതെന്ന് ആരും സംസാരിച്ചില്ല. ഞങ്ങളെയും പരിഗണിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് രൂപാലി പറഞ്ഞത്. അടുത്തിടെ മുംബൈയില്‍ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
“സിനിമാ താരങ്ങള്‍ മുതല്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സ് വരെ എല്ലാവര്‍ക്കും ദേശീയ പുരസ്‌കാരമുണ്ട്. എന്നാല്‍ ടിവി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒന്നുമില്ല. കോവിഡ് മഹാമാരി സമയത്ത് പോലും മറ്റുള്ളവര്‍ ഷൂട്ടിംഗ് ഷെഡ്യൂള്‍ മാറ്റി വെച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ജോലി തുടര്‍ന്നു. ഒരു സിനിമാ താരം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമ്പോള്‍ അത് വാര്‍ത്തകളില്‍ ഇടം നേടുന്നു. എന്നാല്‍ കൊവിഡ് സമയത്ത് ഞങ്ങള്‍ ടിവി ആര്‍ട്ടിസ്റ്റുകള്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെ എങ്ങനെയാണ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതെന്ന് ആരും സംസാരിച്ചില്ല. ഞങ്ങളെയും പരിഗണിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ വളരെ അധികം കഠിനാധ്വാനം ചെയ്യുന്നവരാണ്”, രൂപാലി മാധ്യമങ്ങളോട് പറഞ്ഞു.
ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് രൂപാലി ഗാംഗുലി. രൂപാലി ഗാംഗുലിയുടെ അനുപമ എന്ന സീരിയല്‍ പ്രശസ്ത ബംഗാളി സീരിയലായ ശ്രീമോയിയുടെ ഹിന്ദി റീമേക്കാണ്. രാജന്‍ ഷാഹിയാണ് അനുപമയുടെ നിര്‍മാതാവ്.