സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു

','

' ); } ?>

നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. അപകടത്തിൽ തങ്കരാജിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ലോട്ടറി വിൽപനക്കാരനായ തങ്കരാജ് കഴിഞ്ഞ ഒരാഴ്‌ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മദ്യപിച്ച് അമിത വേഗത്തിലാണ് സിദ്ധാർഥ് കാറോടിച്ചിരുന്നത്. ക്രിസ്‌മസ് തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. അപകടമുണ്ടായതിനുപിന്നാലെ സിദ്ധാർത്ഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു.

അപകടത്തിനു ശേഷം സിദ്ധാർത്ഥിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവം കണ്ട് ചോദ്യം ചെയ്ത് എത്തിയ നാട്ടുകാരെയും, പിന്നാലെയെത്തിയ പോലീസിനെയും സിദ്ധാർത്ഥ് ആക്രമിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇയാൾ നാട്ടുകാരെ അസഭ്യം പറയുകയും നടുറോഡിൽ കിടക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വരികയുണ്ടായി.

മരണം സംഭവിച്ചതോടെ താരത്തിനെതിരെ നരഹത്യാ കുറ്റം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് പോലീസ് നീക്കമെന്ന് റിപ്പോർട്ടുണ്ട്. അതെസമയം ഏതെല്ലാം വകുപ്പുകൾ ചേർക്കുമെന്നതിൽ നിലവിൽ ഔദ്യോഗികമായ വിവരമൊന്നും ലഭ്യമായിട്ടില്ല. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ ആളാണ് സിദ്ധാർത്ഥ്. അടുത്തിടെ ഉപ്പും മുളകും പരമ്പരയിലും സിദ്ധാർഥ് സജീവമായിരുന്നു.