
സീരിയൽ മേഖലയിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ചും, നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നു പറഞ് സീരിയൽ താരം അംബരീഷ്. സീരിയലിൽ നിന്നും വിട്ടു നിന്നത് ഭാര്യയുടെ കരിയറിനു വേണ്ടിയിട്ടാണെന്നും, എല്ലാത്തിന്റെയും ഒടുവിൽ കുടുംബമാണ് വലുതെന്നും അംബരീഷ് പറഞ്ഞു. കൂടാതെ പണ്ട് ചെയ്ത സീരിയലുകളിൽ നിന്നും ഇപ്പൊഴും പേയ്മെന്റ് ലഭിക്കാനുണ്ടെന്നും, പേയ്മെന്റിനായി ഒരു പത്തു തവണയെങ്കിലും അവരെ വിളിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” എന്റെ ഭാര്യ ഡോക്ടറാണ്. യുകെയിൽ ജോലിക്ക് അവസരം ലഭിച്ചപ്പോൾ അവളോടൊപ്പം പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്റെ സ്വപ്നങ്ങളും പാഷനും കരിയറും തൽക്കാലത്തേക്ക് അവൾക്ക് വേണ്ടി മാറ്റി വെക്കുകയായിരുന്നു. അവളെ സപ്പോർട്ട് ചെയ്യുക എന്നതാണ് അപ്പോൾ എനിക്ക് ചെയ്യാനുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനുശേഷം മുഴുവൻ സമയം കുടുംബത്തിനൊപ്പമായിരുന്നു. ഭാര്യ രണ്ട് ഹോസ്പിറ്റലുകളിൽ വർക്ക് ചെയ്യുന്നത് കൊണ്ട് കുട്ടികളെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു”. അംബരീഷ് പറഞ്ഞു.
“ഞാൻ ജോലി ചെയ്ത പ്രോജക്ടുകളിൽ ആറോ ഏഴോ എണ്ണം ഇപ്പോഴും എനിക്ക് പേയ്മെന്റ് ലഭിക്കാൻ ഉണ്ട്. കാശിനായി പത്ത് തവണ വിളിക്കേണ്ടി വരും. അഭിനയം പാഷനാണ് എന്ന് പറയാം, പക്ഷെ കുടുംബത്തിലേക്കാണ് ഒടുവിൽ നമ്മൾ മടങ്ങി ചെല്ലേണ്ടത്,” അംബരീഷ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ ‘ഓട്ടോഗ്രാഫി’ലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായ നടനാണ് അംബരീഷ്. സഹതാരങ്ങളിൽ പലരും പിന്നീട് സിനിമയിലും സീരിയലുകളിലും സജീവമായപ്പോൾ അംബരീഷ് ദൃശ്യമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.