ഫിലിം ചേംബര്‍ പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ സെക്കന്‍ഡ് ഷോക്ക് അനുമതി ലഭിച്ചെന്ന് സൂചന. രാവിലെ 12 മുതല്‍ രാത്രി 12 വരെ തിയറ്ററുകളില്‍ പ്രദര്‍ശനം നടത്താനുള്ള തീരുമാനം ഇന്ന് ഉണ്ടാകുമെന്നറിയുന്നു. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനനാനുമതി. കൊവിഡ് പ്രതിസന്ധിക്കിടെ സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചെങ്കിലും സെക്കന്‍ഡ് ഷോ ഇല്ലാത്തത് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു. വാരാന്ത്യത്തില്‍ ഉള്‍പ്പെടെ കുടുംബ പ്രേക്ഷകര്‍ കൂടുതലായെത്തുന്നത് സെക്കന്‍ഡ് ഷോയ്ക്കാണെന്നും, സെക്കന്‍ഡ് ഷോ ഇല്ലാത്തത് കനത്ത വരുമാന നഷ്ടം ഉണ്ടാക്കിയെന്നുമാണ് തിയറ്ററുടമകളുടെയും നിര്‍മ്മാതാക്കളുടെയും വിലയിരുത്തല്‍.
കൊവിഡ് നിയന്ത്രണങ്ങളോടെ അമ്പത് ശതമാനം ആളുകളെ മാത്രം പ്രദര്‍ശിപ്പിച്ചാണ് നിലവില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ നിയന്ത്രണം തുടരും. സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം ഫെബ്രുവരിമാര്‍ച്ച് റിലീസായി നിശ്ചയിച്ചിരുന്ന 20ലധികം സിനിമകള്‍ മാറ്റിവച്ചിരുന്നു. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്, പാര്‍വതി തിരുവോത്ത് നായികയായ വര്‍ത്തമാനം എന്നീ സിനിമകള്‍ ഈയാഴ്ച പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 12ന് ഇന്ത്യയൊട്ടാകെ 300 സ്‌ക്രീനുകളിലായാണ് വര്‍ത്തമാനം റിലീസ്.