
ഓൺലൈൻ ലേല ആപ്പായ ‘സേവ് ബോക്സ്’ (Save Box) കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഭാര്യ സരിതയ്‌ക്കൊപ്പമാണ് ജയസൂര്യ ചോദ്യം ചെയ്യലിനെത്തിയത്. സേവ് ബോക്സ് ആപ്പിൻ്റെ ബ്രാൻഡ് അംബാസിഡറായി നടൻ ജയൻസൂര്യ കരാറിലേർപ്പെട്ടിരുന്നതായും, ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നുമാണ് ഇഡി വൃത്തങ്ങൾ നൽകുന്നവിവരം.
രണ്ടുവർഷം മുൻപ് ഓൺലൈൻ ലേല ആപ്പായ ‘സേവ് ബോക്‌സി’ൻ്റെ ഫ്രൊഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ സേവ് ബോക്സ് സ്ഥാപന ഉടമയായ തൃശ്ശൂർ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഇഡിയും അന്വേഷണം നടത്തുന്നത്. കേസ് ഏറെവിവാദമായിരുന്നു.
സേവ് ബോക്സ് എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണ് സേവ് ബോക്സിനെ പരിചയപ്പെടുത്തിയിരുന്നത്. സേവ് ബോക്‌സിൻ്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്‌ദാനം ചെയ്‌താണ് സ്വാതിഖ് റഹീം പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയത്. പഴയ ഐഫോണുകൾ പുതിയ കവറിലിട്ടുനൽകി ഇയാൾ സിനിമാതാരങ്ങളെ കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞവിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്‌ദാനം. ഈ ലേലത്തിൽ പങ്കെടുക്കാനായി സേവ് ബോക്‌സ് നൽകുന്ന വിർച്വൽ കോയിനുകൾ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചായിരുന്നു ലേലം.