” സന്ദേശം” സിനിമ ഒരു ക്രൈം ആണെന്ന് പറയുന്നവരുണ്ട്, ഞാനും ശ്രീനിവാസനും അതിന് മറുപടി പറയാറില്ല; സത്യൻ അന്തിക്കാട്

','

' ); } ?>

ജയറാം, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തിയ ചിത്രം “സന്ദേശ”ത്തിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. “അന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൊരുക്കിയ സിനിമയുടെ വിമർശനങ്ങൾക്ക് താനോ ശ്രീനിവാസനോ മറുപടി നൽകാറില്ലെന്ന്” സത്യൻ അന്തിക്കാട് പറഞ്ഞു. കൂടാതെ ഇന്നും ആ ചിത്രത്തെ ഒരു അരാഷ്ട്രീയ സിനിമ എന്ന് വിളിച്ച് കല്ലെറിയുന്നവരുണ്ടെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം.

‘ആ ചിത്രം റിലീസ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇന്നും ആ ചിത്രത്തെ ഒരു അരാഷ്ട്രീയ സിനിമ എന്ന് വിളിച്ച് കല്ലെറിയുന്നവർ ഇല്ലേ. ഞാനും ശ്രീനിവാസനും അത് കേൾക്കും എന്നതിനപ്പുറം മറുപടി പറയാറില്ല. ചില രാഷ്ട്രീയ പാർട്ടികളുടെ അണികൾ മീഡിയയിൽ ഇരുന്ന് സന്ദേശം ഒരു ക്രൈം ആണെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതേ പാർട്ടിയിലെ വലിയ നേതാക്കൾ, മന്ത്രിമാർ ഒക്കെ ഈ സിനിമയുടെ പേരിൽ ഞങ്ങളെ അഭിനന്ദിക്കാറുമുണ്ട്. ഇങ്ങനെ ഒരു വൈരുദ്ധ്യം അതിനുള്ളിൽ കിടപ്പുണ്ട്. ആളുകൾ ആ സിനിമയെക്കുറിച്ച് ഇന്നും ചർച്ച ചെയ്യുന്നു എന്നതിൽ സന്തോഷം”, സത്യൻ അന്തിക്കാട് പറഞ്ഞു.

അന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് സന്ദേശം. ആറു വർഷത്തോളം ചർച്ചകൾ നടത്തി, പല തവണ ഉപേക്ഷിച്ചതുമാണ് ആ സിനിമ. ആ സിനിമയുണ്ടാകാൻ കാരണം ലോഹിതദാസാണ്. ഒരു ഭരണമാറ്റം കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയ ആത്മവിശ്വാസം കൊണ്ടാണ് ആ സിനിമ ചെയ്യാം എന്ന ആലോചനയിലെത്തിയത്’, സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

തിലകൻ, സിദ്ധിഖ്, മാള അരവിന്ദൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കവിയൂർ പൊന്നമ്മ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയാണ് സന്ദേശം. സിനിമയിലെ ഡയലോഗുകൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ അന്ന് ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു.