
നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ. നർത്തകൻ ആർ.എൽ.വി. രാമകൃഷ്‌ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിനെതിരെ സ്നേഹ വിമർശിച്ചിതിന് പകരമെന്നോണമാണ് സത്യഭാമയുടെ പ്രതികരണം. തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിൽ “പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിൻ്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വിഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ’ എന്ന കുറിപ്പും പങ്കുവെച്ചിട്ടുണ്ട് .വീഡിയോക്കൊപ്പം സ്നേഹയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
“ഞാൻ വിവാദത്തിൽ പെട്ടപ്പോൾ എന്നെ വേദനിപ്പിച്ച ചിലരുണ്ട്. എന്റെ കരിയർ പോലും നിന്നും പോകുന്ന അവസ്‌ഥ ഉണ്ടായിരുന്നു. പക്ഷേ ഈശ്വരാധീനം ഉള്ള കല ആണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ടു ദൈവങ്ങൾ എന്റെ കൂടെ നിന്നു. ഞാൻ തളർന്നില്ല ഒറ്റയ്ക്ക് പോരാടി. കല പഠിച്ച ചിലർ എന്നെ ദ്രോഹിക്കുകയും ചെയ്‌തു. കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. ഇവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ഞാൻ പിന്നീടാണ് അത് അറിഞ്ഞത്, ചാനലിൽ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണത്. അവളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി. ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. ഈ സ്ത്രീ മറ്റേയാളുടെ കൂടെ വന്ന് നൃത്തം കളിക്കാമോ എന്ന്, എന്റെ എതിർ കക്ഷിയായ ആളുടെ കൂടെ, എന്താടി എനിക്ക് കളിക്കാൻ പറ്റാത്തത് ? ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനക്ക് ഡാൻസ് ഇൻ്റർവ്യൂവിനു ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്. നീ എന്നിട്ട് ഇപ്പൊ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്, ആദ്യം നീ പഠിച്ച തൊഴിൽ നീ കൈകാര്യം ചെയ്യുന്നുണ്ടോ, അത് ആദ്യം നീ ചെയ്യ്, എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ. നീ നിൻ്റെ അമ്മയുടെ വയറ്റിൽ ഉണ്ടാകുന്നതിനു മുൻപ് ഞാൻ മുഖത്ത് ചായം തേച്ച് ഫീൽഡിൽ ഇറങ്ങിയതാണ്.” സത്യഭാമ പറഞ്ഞു.
“നീ കഞ്ഞികുടിച്ചു ജീവിക്കാൻ അല്ലേ ‘മറിമായ’ത്തിൽ പോയത്. നീ വലിയ ആർട്ടിസ്‌റ്റ് ആണെന്നാണോ വിചാരം. എന്നോട് നീ പറഞ്ഞില്ലേ കളിക്കാൻ, നിനക്ക് ഇപ്പോൾ എന്റെ കളി കാണണോ. ഞാൻ അന്തസായി എൻ്റെ തൊഴിൽ ആണ് ചെയ്തു ജീവിക്കുന്നത്. നീ പറഞ്ഞ ആൾ പഠിച്ചതുപോലെ തന്നെയാണ് ഞാനും പഠിച്ചത്. നിന്റെ നാട്ടിൽ ഒരു പരിപാടിക്ക് എന്നെ വിളിക്ക് ഞാൻ വന്നു കളിക്കാം. നീ എന്നെ പറഞ്ഞതിൻ്റെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നിനക്ക് കിട്ടിയോ, നിൻ്റെ ഭർത്താവ് പീഡന കേസിൽ പ്രതിയായി.അതൊക്കെ നീ മറന്നോ ? ഞങ്ങളൊന്നുമതു മറന്നിട്ടില്ല. അതിനാണ് ദൈവം എന്നൊരു ശക്‌തി ഉള്ളത്. നീ എൻ്റെ കേസിൻ്റെ സമയത്ത് എനിക്കിട്ടങ്ങു പൂശി. എനിക്കൊരു അവസരം കിട്ടും, നീ വലിയ ആർടിസ്‌റ്റ് ആണെന്നാണ് നിൻ്റെ വിചാരം. മുഖത്ത് ചായം തേച്ചു എന്ന് കരുതി ആർട്ടിസ്‌റ്റ് ആകില്ല, നിൻ്റെ ഏറ്റവും വലിയ തൊഴിൽ ‘മറിമായ’ത്തിൽ തുള്ളുന്നതാണ്. നിന്നെ എന്താ ആരും ഉർവശി ശാരദ എന്ന് വിളിക്കാത്തത്? നിൻ്റെ പേര് എന്താ നിൻ്റെ പരിപാടിയിൽ. നിൻ്റെ ഫിഗറിന് പറ്റിയ പേരാണ് നിനക്ക് ഇട്ടിരിക്കുന്നത്. എന്നെ പറഞ്ഞതിന്റെ ആറു മാസം നിൻ്റെ ഭർത്താവിന് കിട്ടി. ഇപ്പോൾ നിന്റെ ഭർത്താവിനെ അതിൽ കാണാൻ ഇല്ലല്ലോ. ” സത്യഭാമ കൂട്ടിച്ചേർത്തു.
മുൻപ് സത്യഭാമയും ആർഎൽവി രാമകൃഷ്‌ണനും തമ്മിലുള്ള വിവാദത്തിൽ രാമകൃഷ്ണനെ പിന്തുണച്ച് സ്നേഹ പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു.