
മേജർ രവിയുടെ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് നിർമ്മാതാവായ ശശി അയ്യൻചിറ. മമ്മൂട്ടിയെ നായകനാക്കി 2007 ൽ മേജർ രവി സംവിധാനം ചെയ്ത ‘മിഷൻ 90 ഡേയ്സ്’ എന്ന ചിത്രത്തിന്റെ ഇടയിലായിരുന്നു സംഭവം. അന്ന് മേജർ രവി സിനിമ സംവിധാനം ചെയ്യില്ലെന്ന് പറഞ്ഞതും, പിന്നീട് പ്രശ്നം എങ്ങനെ പരിഹരിച്ചുവെന്നും ശശി അയ്യൻചിറ ഓർത്തെടുത്തു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മിഷൻ 90 ഡേയ്സ് എന്ന മേജർ രവി സംവിധാനം ചെയ്യുന്ന സിനിമ, അതിൽ മേജർ രവി സംസാരിക്കുമ്പോൾ മമ്മൂക്കയ്ക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായി. അവർ തമ്മിൽ ഭയങ്കര ഉടക്കായി. അന്ന് മമ്മൂക്ക ഞാൻ നിങ്ങളുടെ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് മേജർ രവിയോട് പറഞ്ഞു. ലൊക്കേഷൻ നിറയെ ആളുകൾ കാണാൻ നിൽക്കുകയാണ്. സീരിയസ് ആയിട്ടാണ് മമ്മൂക്ക സംസാരിക്കുന്നത്. ഞാൻ ഈ സിനിമ സംവിധാനം ചെയ്യുന്നില്ലെന്ന് മേജർ രവിയും തിരിച്ച് പറഞ്ഞു.’ ശശി അയ്യൻചിറ പറഞ്ഞു.
“പടം തീരാൻ ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്, ഞാൻ മമ്മൂട്ടിയുടെ കൈപിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി, മേജർ രവിയോടും അകത്തേക്ക് വരാൻ പറഞ്ഞു, വാതിൽ ലോക്ക് ചെയ്തു. അഞ്ച് മിനിറ്റ് കൊണ്ട് ഞാൻ പ്രശ്നം പരിഹരിച്ചു. വാതിൽ തുറന്ന് മൂന്ന് പേരും വളരെ സന്തോഷത്തോടെ പുറത്തിറങ്ങി. സ്നേഹത്തോടുള്ള ഒരു പ്രയോഗം മാത്രമായിരുന്നു ഉളളിൽ നടന്നത്. ചെറിയൊരു പിണക്കം മാത്രമായിരുന്നു അത്. കൂൾ ആയിട്ട് ആ പ്രശ്നം തീർന്നു, ഡോർ തുറക്കുമ്പോൾ ജനങ്ങൾ കാണുന്നത് ഞങ്ങൾ മൂന്നാളും ചിരിച്ചു വരുന്നതാണ്. ഒരുപക്ഷെ സിനിമ നിന്ന് പോയേക്കാവുന്ന തരത്തിൽ വലിയ വിഷയം ആയേക്കാവുന്ന ഒരു വിഷയം ആയിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല, അത് രമ്യമായി പരിഹരിക്കപ്പെട്ടു.” ശശി അയ്യൻചിറ കൂട്ടിച്ചേർത്തു.
മമ്മൂട്ടിയെ നായകനാക്കി 2007 ൽ മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് മിഷൻ 90 ഡേയ്സ്. രാജീവ് ഗാന്ധി വധത്തെ തുടർന്ന് നടന്ന അന്വേഷണത്തെ കുറിച്ചായിരുന്നു സിനിമ. ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയ ചിത്രമായിരുന്നു ഇത്.