‘താടി പാപ്പനിൽ നിന്നും ഷാജി പാപ്പനിലേക്ക്’; ജയസൂര്യയുടെ ഷാജി പാപ്പനിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി സരിത ജയസൂര്യ

','

' ); } ?>

ജയസൂര്യയുടെ വർഷങ്ങൾ നീണ്ട ‘താടി ലുക്ക്’ ഉപേക്ഷിച്ച് ഷാജി പാപ്പൻ്റെ ലുക്കിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഭാര്യ സരിത ജയസൂര്യ.
‘താടി പാപ്പനിൽ നിന്നും ഷാജി പാപ്പനിലേക്ക്’ എന്ന അടിക്കുറിപ്പോടെ ജയസൂര്യയുടെ മേക്കോവർ ചിത്രങ്ങളാണ് സരിത തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.

പുതിയ മേക്കോവറിനു വേണ്ടി ജയസൂര്യയുടെ താടി എടുക്കുന്ന ചിത്രങ്ങളും സരിത പങ്കുവച്ചു. താടിയെടുക്കുന്നതിന് മുൻപുള്ളതും ശേഷമുള്ളതുമായ ചിത്രങ്ങൾ ഈ പോസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താടി ലുക്ക് നിലനിർത്തിയിരുന്ന സമയത്ത് ഭാര്യ സരിതയും മകളും ചേർന്ന് ജയസൂര്യയുടെ താടിയിൽ സ്നേഹത്തോടെ പിടിച്ച രസകരമായ ചിത്രങ്ങളും, തുടർന്ന് ഷാജി പാപ്പൻ ലുക്കിലേക്ക് മാറിയപ്പോഴുള്ള ചിത്രങ്ങളുമാണ് സരിത പങ്കുവെച്ചത്.

ആട് സിനിമയുടെ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രമായ ‘ആട് 3’ ക്കു വേണ്ടിയാണ് ജയസൂര്യയുടെ പുതിയ മേക്കോവർ. ആട് 3യുടെ ലൊക്കേഷനിലേക്ക് ഷാജി പാപ്പൻ ഗെറ്റപ്പിൽ ജയസുര്യ എത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയസൂര്യ വീണ്ടും ഷാജി പാപ്പൻ ഗെറ്റപ്പിലേക്ക് വരുന്നത്. മിഥുൻ മാനുവൽ തോമസിൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ആട്’ ഒന്നും രണ്ടും ഭാഗങ്ങൾ.

ആട് മൂന്നിന്റെ നിർമ്മാണം ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ്. ജയസൂര്യക്ക് പുറമെ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് തുടങ്ങി വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം അടുത്ത വർഷം മാർച്ചിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.