
‘ലോക’ എന്ന ചിത്രത്തിന്റെ വിജയത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു ശരത് സഭ. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യത നേടി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.”ലോക എന്ന സിനിമയെ കുറിച്ചോ ചിത്രത്തിലെ തന്റെ കഥാപാത്രത്തിനെ കുറിച്ചോ ആരും മോശം പറയുന്നത് കേട്ടിട്ടില്ലെന്ന് ശരത് പറഞ്ഞു. കൂടാതെ കല്യാണിയുമൊത്തുള്ള അനുഭവവും താരം പങ്കുവെച്ചു. ചിത്രത്തിലെ ഒരു രംഗത്തിൽ താൻ കാരണം കല്യാണിക്ക് ബുദ്ധിമുട്ടായെന്ന് ശരത് കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം
“ഞാൻ ഇതിനു മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ ചെറിയ രീതിയിൽ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ, ലോകയിലെ കഥാപാത്രത്തെയോ ചിത്രത്തെയോ കുറിച്ച് ഒരു നെഗറ്റീവ് പ്രതികരണവും കേട്ടിട്ടില്ല. രണ്ടും മൂന്നും പ്രാവശ്യം സിനിമ കണ്ടിട്ട് എനിക്ക് മെസ്സേജ് അയച്ചവർ ഉണ്ടായിരുന്നു,” ശരത് സഭ പറഞ്ഞു.
“കല്യാണിയുടെ കഴുത്തിൽ പിടിക്കുന്ന സീനിൽ എന്റെ കൈ കുറച്ച് മുറുകിപ്പോയി. വേണമെന്ന് കരുതി ചെയ്തതല്ല. ക്യാരക്ടറിലേക്ക് മുഴുകിപ്പോയപ്പോൾ സംഭവിച്ചുപോയതാണ്. കട്ട് പറഞ്ഞപ്പോൾ കല്യാണി അടുത്ത് വന്ന് ‘അടുത്ത ടേക്കിൽ കുറച്ച് മെല്ലെ പിടിക്കണം’ എന്ന് പറഞ്ഞു,” ശരത് സഭ കൂട്ടിച്ചേർത്തു.
‘തരംഗം’ എന്ന ചിത്രത്തിലൂടെയാണ് ശരത് സഭ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജാൻ ഏ മൻ എന്ന ചിത്രത്തിലെ “സജിയേട്ടാ ഇവിടെ സൈഫ് അല്ല” എന്ന ഒറ്റ ഡയലോഗിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. തുടർന്നും പല കോമഡി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തെങ്കിലും, ആദ്യമായി വില്ലൻ വേഷത്തിൽ എത്തിയത് ലോകയിലാണ്. കടകൻ, കൊറോണ ധവാൻ, പേരില്ലൂർ പ്രീമിയർ ലീഗ്, കൊണ്ടൽ, വിവേകാനന്ദൻ വൈറലാണ്, ഗുരുവായൂർ അമ്പല നടയിൽ, ജാൻ ഏ മൻ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.