യുഎസ് വിമാനത്താവളത്തില്‍ വെച്ചുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തി ബോളിവുഡ് സുന്ദരി സാറാ അലിഖാന്‍. 95 കിലോ ഭാരമുണ്ടായിരുന്ന സാറ 26 കിലോ കുറച്ചാണ് സിനിമയിലേക്കെത്തിയത്. തന്റെ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ കണ്ട് യുഎസ് വിമാനത്താവളത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടി വന്ന കാര്യമാണ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ താരം വെളിപ്പെടുത്തിയത്.
“തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്ന സമയത്ത് എന്റെ ശരീരഭാരം 96 കിലോയായിരുന്നു. അതുകൊണ്ടുതന്നെ ആ ഫോട്ടോയാണ് ഐഡികാര്‍ഡില്‍. അതുകാരണം എനിക്ക് ചില പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്റെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ആരാണിതെന്ന ഭാവത്തില്‍ കുറെ നേരം എന്നെയും ഐഡി കാര്‍ഡും മാറിമാറി നോക്കി” എന്ന് സാറ പറഞ്ഞു.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലാണ് സാറ പഠിക്കുന്നത്. “എന്റെ റെഗുലര്‍ വിസയിലുള്ള ചിത്രവും വിദ്യാര്‍ത്ഥി വിസയിലെ ചിത്രവും ഞാനും എല്ലാം വ്യത്യസ്തമാണ്. സംശയം തോന്നുന്നതില്‍ ആരെയും തെറ്റു പറയാന്‍ കഴിയില്ല. കൂടുതല്‍ ഞാന്‍ ഒന്നും പറയുന്നില്ല. കാരണം എനിക്ക് ന്യൂയോര്‍ക്കിലേക്ക് മടങ്ങി പോകേണ്ടതാണ്” സാറ വ്യക്തമാക്കി.