
“ലോക” സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും, കല്യാണി പ്രിയദർശനെ കുറിച്ചും തുറന്നു സംസാരിച്ച് നടൻ സാൻഡി മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ സിനിമ കണ്ടിട്ടാണ് തന്നെ ലോകയിലേക്ക് കാസ്റ്റ് ചെയ്‌തതെന്ന് സാൻഡി മാസ്റ്റർ പറഞ്ഞു. സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ലിയോ സിനിമയിലെ എന്റെ പ്രകടനം കണ്ടിട്ടാണ് ലോകയിലെ നാച്ചിയപ്പൻ എന്ന കഥാപാത്രം ചെയ്യാൻ വേണ്ടി എന്നെ വിളിക്കുന്നത്. ഡൊമിനികും നിമിഷും ആണ് എന്നെ വിളിക്കുന്നത്. സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ ഓക്കേ പറഞ്ഞു. നല്ല കഥ ആയിരുന്നു. ലിയോ പോലെ അല്ല ഇതിൽ വേറെ ടൈപ്പ് പൊലീസ് വേഷമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു’. സാൻഡി മാസ്റ്റർ പറഞ്ഞു.
‘ഡ്യൂപ്പിനെ വെച്ചാണ് കല്യാണി ഫൈറ്റുകൾ ചെയ്‌തെന്ന് ചിലർ പറയുന്നത് കേട്ടു, ഇത് തെറ്റാണ്. ഫൈറ്റുകൾ എല്ലാം കല്യാണി തന്നെയാണ് ചെയ്തത്. കല്യാണി അതിനായി നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്’.സാൻഡി മാസ്റ്റർ കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് പോസിറ്റീവ് റെസ്പോൺസ് ആണ് ലഭിക്കുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് സാൻഡി മാസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്.
കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.