“വ്യക്തിവൈരാഗ്യം തീർക്കാൻ സിനിമയെ ബലിയാടാക്കരുത്”: ആന്ധ്രയിലെ സ്കൂൾ ആക്രമണ വിവാദത്തിൽ രോഷത്തോടെ സന്ദീപ് റെഡ്ഡി വാങ്ക

','

' ); } ?>

ആന്ധ്രപ്രദേശിലെ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ ‘അനിമൽ’ സിനിമയുമായി ബന്ധപ്പെടുത്തി നടത്തിയ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. പൈശാചികമായ ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഇരകളോട് സഹാനുഭൂതി കാണിക്കുന്നതിന് പകരം, സ്വന്തം വ്യക്തിവൈരാഗ്യം തീർക്കാൻ സിനിമയെ ബലിയാടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരാജയപ്പെട്ട ചില സിനിമാപ്രവർത്തകരും സമൂഹപരിഷ്കർത്താക്കൾ എന്ന് ചമയുന്നവരുമാണ് ഈ ദുരന്തത്തെ അവസരവാദത്തിനായി ഉപയോഗിക്കുന്നതെന്നും ഒരു ദുരന്തമുണ്ടാകുമ്പോൾ ആവശ്യമുള്ളത് സഹാനുഭൂതിയാണെന്നും അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി.

അനന്തപുർ ജില്ലയിലെ രപ്തഡു ഹൈസ്കൂളിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഹേമന്ത് (21) എന്ന യുവാവ് യന്ത്രവാൾ (ചെയിൻസോ) ഉപയോഗിച്ച് വിദ്യാർഥിനിയെ വധിക്കാൻ ശ്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ആഴത്തിൽ പരിക്കേറ്റ പെൺകുട്ടിയും തടയാൻ ശ്രമിച്ച സഹപാഠിയും നിലവിൽ ചികിത്സയിലാണ്. ‘അനിമൽ’ സിനിമയിലെ തോക്കുമായി സ്കൂളിൽ എത്തുന്ന രംഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആക്രമണമെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സംവിധായകന്റെ രൂക്ഷമായ പ്രതികരണം.

സന്ദീപ് റെഡ്ഢിയുടെ വാക്കുകൾ

‘‘ഒരാൾ പൈശാചികമായ കുറ്റകൃത്യം ചെയ്യുമ്പോൾ, അവിടെ ആദ്യം ഉണ്ടാകേണ്ടത് ഇരകളോടുള്ള സഹാനുഭൂതിയും ആ വലിയ വിപത്തിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്. അല്ലാതെ, ഒരു സിനിമയെ വളരെ സൗകര്യപൂർവം ഒരു ബലിയാടാക്കി മാറ്റുകയല്ല വേണ്ടത്.

ഇരകളോടോ അവരുടെ കുടുംബത്തോടോ ഉള്ള യാതൊരുവിധ ആത്മാർഥതയുമല്ല ഇതിന് പിന്നിലെന്ന് ഇപ്പോൾ വളരെ വ്യക്തമാണ്; മറിച്ച്, നിങ്ങളുടെ വ്യക്തിവൈരാഗ്യങ്ങൾ തീർക്കാനുള്ള ഒരു വൃത്തികെട്ട മറയായി ഈ ദാരുണ സംഭവത്തെ നിങ്ങൾ ഉപയോഗിക്കുകയാണ്.

മറ്റൊരാളുടെ സൃഷ്ടിയെയും അധ്വാനത്തെയും താറടിച്ചു കാണിക്കാൻ ഒരവസരം കിട്ടുമ്പോഴേക്കും, പെട്ടെന്ന് സ്വയം ‘സമൂഹപരിഷ്കർത്താക്കൾ’ ചമയുന്ന ചിലരുണ്ട്—പരാജയപ്പെട്ടവരും നിരാശരും പണിയില്ലാത്തവരുമായ കുറച്ചു നടീനടന്മാർ, സംവിധായകർ, നിർമാതാക്കൾ, പിന്നെ സിനിമയെ തിന്നു ജീവിക്കുന്ന കുറേ പരാന്നഭോജികളും. അവർക്ക് നേരെയാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഒരു ദുരന്തം ആവശ്യപ്പെടുന്നത് സഹാനുഭൂതിയാണ്, അല്ലാതെ അവസരവാദമല്ല. ആ വ്യത്യാസമെങ്കിലും ആദ്യം തിരിച്ചറിയൂ.’’