
വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. നിരവധി പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണിത്. ശ്രീജിത്ത് കെഎസ്സും, കാർത്തികേയൻ എസ്സുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ധിലോർ,റിജോഷ് , മോൻസി, ബ്ലെസ്സി എന്നിവരാണ് കോ-പ്രൊഡ്യൂ സേർസ്. എക്സികുട്ടീവ് പ്രൊഡ്യൂസർ -അഭിജിത്ത് സുരേഷ്.
ഇടുക്കി ജില്ലയിലെ പന്ന്യാർകുട്ടിയിൽ സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച ലളിതമായ പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സംവിധായകൻ ഷഹീദ് അറഫാത്ത്, നിർമ്മാതാക്കളായ ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ. എസ്., ദിലീഷ് പോത്തൻ അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവരും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് തിരിതെളിയിച്ചു . ദിലീഷ് പോത്തൻ. സ്വിച്ചോൺ കർമ്മവും, അൽഫോൻസ് പുത്രൻ ഫസ്റ്റ് ക്ലാപ്പും നൽകി.
ചിത്രത്തിൻ്റെ ടൈറ്റിൽ ആയിട്ടില്ലങ്കിലും നവരസാ പ്രൊഡക്ഷൻ 3 എന്നാണ് താൽക്കാലികമായി ഇട്ട പേര്. ബിജു മേനോനും, വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ തങ്കം എന്ന ചിത്രത്തിനു ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏറെ ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയ നടി സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്തെത്തുന്നു. മികച്ച വിജയം നേടിയ കെട്ട്യോളാണ് എൻ്റെ മാലാഖ , അഡിയോസ് അമിഗോസ് എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ തങ്കമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മലയോര മേഖലയായ ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സുനിൽ കെ.എസ് നിർവ്വഹിക്കുന്നു. ബ്ലെസ്സിയുടെ പ്രശസ്തമായ ആടുജീവിതം എന്ന ചിത്രത്തിനു ശേഷം സുനിൽ ഒരു മലയാള സിനിമക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഈ ചിത്രത്തിലാണ്. മറ്റൊരു സവിശേഷത ഈ ചിത്രത്തിൻ്റെ സംഗീത വിഭാഗത്തിലാണ്. ഗപ്പി, അമ്പിളി ആശാൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ സംവിധായകൻ ജോൺ പോൾ ജോർജാണ് സംഗീത സംവിധായകൻ .
ദിലീഷ് പോത്തൻ അൽഫോൻസ് പുത്രൻ , സംവൃതാ സുനിൽ എന്നിവർ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജിബിൻ ഗോപിനാഥ് , അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ ,റിയാസ് ഖാൻ ശ്രുതി ജയൻ ബിസാൽ പ്രസന്ന എന്നിവരും പ്രധാന താരങ്ങളാണ്. എഡിറ്റിംഗ് -കിരൺ ദാസ്. പശ്ചാത്തല സംഗീതം- അജേഷ് ആൻ്റോ. പ്രൊഡക്ഷൻ ഡിസൈൻ- സുഭാഷ് കരുൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ – വിപിൻ വിജയൻ മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്‌റ്റ്യം ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ. ഡിസൈൻ-യെല്ലോ ടുത്ത്. പ്രൊഡക്‌ഷൻ കൺട്രോളർ – ബിനു മുരളി. വാഴൂർ ജോസ് .