‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ സംവൃത മടങ്ങിയെത്തി

','

' ); } ?>

2004ല്‍ രസികന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന് കിട്ടിയ നായികയായിരുന്നു സംവൃത സുനില്‍. മല്ലു സിംഗ്, ഡയമണ്ട് നെക്ക്‌ലേസ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുള്‍പ്പെടെ 2012ല്‍ മാത്രം എട്ട് ചിത്രങ്ങളായിരുന്നു സംവൃതയ്ക്കുണ്ടായിരുന്നത്. വിവാഹ ശേഷം സിനിമാ ലോകത്തോട് താല്‍ക്കാലിക വിട പറഞ്ഞ സംവൃത അമേരിക്കയിലായിരുന്നു. കുഞ്ഞിന് മൂന്ന് വയസ്സായപ്പോള്‍ ഒരു നല്ല കഥ കേട്ടപ്പോള്‍ സംവൃത വീണ്ടും അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി.പ്രജിത്തും, തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെ എഴുത്തുകാരന്‍ സജീവ് പാഴൂരും ഒന്നിക്കുമ്പോള്‍ സംവൃതയ്ക്ക് പിന്നെയൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ബിജുമേനോന്റെ നായികയായെത്തുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സെല്ലുലോയ്ഡിനോട് മടങ്ങി വരവിനെ കുറിച്ച് സംവൃത സംസാരിച്ചത്.

. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ എന്ത് തോന്നുന്നു…?

. ആദ്യത്തെ ദിവസം ഈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ വരുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ ഇവിടെ വന്ന് എല്ലാവരെയും കണ്ട് സംസാരിച്ചപ്പോഴേക്കും അവരൊക്കെ എന്നെ വളരെ കംഫര്‍ട്ടബിളാക്കി. ഇപ്പോള്‍ ഒരുപാട് സന്തോഷമാണ്. നല്ലൊരു സിനിമ കിട്ടിയതിലും, നല്ലൊരു ക്യാരക്ടര്‍ ചെയ്യാന്‍ പറ്റിയതിലും..(പുഞ്ചിരിക്കുന്നു)

.രസികനിലെ പോലെ വീണ്ടും ആദ്യമായി ക്യാമറക്കുമുന്നില്‍ എത്തിയ രംഗത്തെക്കുറിച്ച്…?

. ഞാന്‍ വളരെ നെര്‍വസ്സായ ഒരു മാനസികാവസ്ഥയിലായിരുന്നു ആദ്യം. കാരണം രസികന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് അഭിനയത്തെക്കുറിച്ചുള്ള ഒരു ധാരണയോ, ആള്‍ക്കാര്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നോ അറിയുമായിരുന്നില്ല. പക്ഷെ ഇന്ന് ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോട്ട് ക്യാമറക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ അവരെന്നെ കാണുന്നത് ഒരു എക്‌സ്പ്പീരിയന്‍സ്ഡ് ആക്ട്രസ്സ് എന്ന നിലയിലാണ്. ആ ഒരു പരിഗണന എനിക്കുണ്ടായിരുന്നു. പക്ഷെ മെന്റലി വളരെ റിലാക്‌സ്ഡായിരുന്നത് കൊണ്ട് എനിക്ക് ഷോട്ടുകളൊക്കെ വളരെ എളുപ്പത്തോടെ ചെയ്യാന്‍ സാധിച്ചു.

.ടെക്‌നോളജിയുടെ വളര്‍ച്ചക്കനുസരിച്ച് സിനിമാ രംഗത്ത് ഇപ്പോള്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആ ഒരു മാറ്റം അനുഭവപ്പെട്ടിരുന്നോ..?

. ആ ഒരു ചെയ്ഞ്ച് ശരിക്കും അനുഭവപ്പെട്ടിരുന്നു. കാരണം എന്റെ തുടക്ക കാലത്തുള്ള ചിത്രങ്ങളെല്ലാം വളരെ സിനിമാറ്റിക്കായിരുന്നു. കഥാപാത്രങ്ങളും അങ്ങനെയായിരുന്നു. ഉദാഹരണത്തിന് ഒരു ഗാന രംഗത്തില്‍ നമ്മള്‍ സ്വപ്‌നം കാണുന്നതും വിദേശത്തെവിടെയോ നിന്ന് നൃത്തം ചെയ്യുന്നതൊന്നുമല്ല ഇപ്പോഴത്തെ സിനിമകളില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സിനിമകളെല്ലാം കുറച്ച് കൂടി റിയലിസ്റ്റിക് ആണ്. അതുപോലെ തന്നെ നമ്മള്‍ അഭിനയിക്കുകയാണെങ്കിലും ജീവിക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു രീതിയാണ് സംവിധായകരും ആവശ്യപ്പെടുന്നത്. ആ ഒരു മാറ്റം അനുഭവപ്പെട്ടിരുന്നു.

.ഈ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ?

. സജീവേട്ടന്റെ സ്‌ക്രിപ്റ്റായിരിക്കുമെന്ന് കേട്ടപ്പോള്‍ തന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ളപോലെ എനിക്കും വളരെ ആകാംക്ഷയായിരുന്നു. എന്തായിരിക്കും കഥ, ഇതിലെ ക്യാരക്ടേഴസ് എന്തായിരിക്കും, എന്നൊക്കെ. അതു പോലെതന്നെ വളരെ രസകരമായ, ആളുകള്‍ക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളുള്ള ഒരു സിനിമയാണിത്. എന്റെ കഥാപാത്രത്തിന്റെ പേര് ഗീതയെന്നാണ്. ബിജു ചേട്ടന്‍ അവതരിപ്പിക്കുന്ന സുനിയെന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്. നമ്മള്‍ കേരളത്തില്‍ കണ്ടുവരുന്ന ഭൂരിപക്ഷം ഭാര്യമാരെ റെപ്രസന്റ് ചെയ്യുന്ന ഒരു ഭാര്യയാണ്. വളരെ രസകരമായ നര്‍മ്മത്തിലൂടെയാണ് അവരുടെ കഥ പറഞ്ഞ് പോകുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ഒരു കൗതുകമുണ്ടാക്കുന്ന സിനിമയായിരിക്കും.

. കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴുള്ള എക്‌സ്പ്പീരിയന്‍സ്….?

. ഈ സിനിമയില്‍ എന്റെ ഭൂരിഭാഗം ഷൂട്ടും നടന്നിട്ടുള്ളത് പണി തീരാത്ത ഒരു ചെറിയ വീട്ടില്‍ നിന്നാണ്. അപ്പോള്‍ അങ്ങനെയുള്ള, നമ്മള്‍ക്കൊട്ടും പരിചിതമല്ലാത്ത ഒരു ചുറ്റുപാടില്‍ നിന്ന് ഷൂട്ട് ചെയ്യേണ്ടി വരുമ്പോള്‍ എനിക്കത് ഒരു പുതിയ എക്‌സ്പീരിയന്‍സായിരുന്നു. അത്തരത്തിലുള്ള ഒരു വീട്ടമ്മ എന്തൊക്കെ ചെയ്യും, അവരുടെ സന്തോഷങ്ങളെങ്ങളെന്തൊക്കെയാണ് ഇത്തരം കാര്യങ്ങളിലൊക്കെ സജീവേട്ടനാണെങ്കിലും ഡയറക്ടര്‍ പ്രജിത്തേട്ടനാണെങ്കിലുമൊക്കെ നല്ല ധാരണയുണ്ട്. കറക്ടായ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞ് തരാന്‍ അവരുള്ളത്‌കൊണ്ട് എന്റെ ജോലി കുറച്ച് കൂടി എളുപ്പമായി. അവരുടെ മുന്‍പത്തെ വര്‍ക്കുകള്‍ ശ്രദ്ധിച്ചാല്‍ത്തന്നെ മറ്റ് ചിത്രങ്ങളില്‍ നിന്നുമുള്ള വ്യത്യാസങ്ങള്‍ നമുക്ക് മനസ്സിലാകും. അത് പോലെ തന്നെ ഇതും വ്യത്യസ്ഥമായിരിക്കുമെന്നാണ് വിശ്വാസം.

.കഥാപാത്രത്തിനായി എന്തെങ്കിലും പ്രത്യേക ഒബ്‌സര്‍വേഷന്‍സോ, ഭാഷാശൈലിയിലുള്ള മാറ്റങ്ങളോ നടത്തിയിരുന്നോ?

. സത്യത്തില്‍ കഥപറയുന്നത് മറ്റൊരു സ്ഥലത്ത് വെച്ചാണ്. അതുകൊണ്ട് തന്നെ പ്രത്യേകമായ ഒരു ഭാഷാശൈലിയോ മറ്റോ ചിത്രത്തിനായി ഉപയോഗിച്ചിട്ടില്ല. പക്ഷെ നാട്ടിന്‍ പുറത്തിന്റെ ഒരു നന്മയുണ്ട് ചിത്രത്തിന്. അതൊരുപാട് സഹായകരമായിട്ടുണ്ട്. അങ്ങനെ ഒബ്‌സെര്‍വേഷന്‍സ് പ്രത്യേകിച്ച് ഒന്നും ഞാന്‍ നടത്തിയിരുന്നില്ല, കാരണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടായിരുന്നു.

.മറ്റെന്തെങ്കിലും തയ്യാറെടുപ്പുകള്‍…?

. ഇല്ല, കാരണം എന്റെ കഥാപാത്രത്തിനെക്കുറിച്ചുള്ള കൃത്യമായ ഒരു ധാരണ ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന്റെ രൂപം അല്ലാതെ തന്നെ അവരുടെ മനസ്സിലുണ്ടായിരുന്നു.

.ഇപ്പോള്‍ ഒരു അമ്മയായി കുടുംബജീവിതവുമൊക്കെയായി മുന്നോട്ട് പോവുമ്പോള്‍ സിനിമയില്‍ സജീവമാകുമോ?

.മുന്‍പത്തെ പോലെ ഒരു വര്‍ഷം മൂന്നും നാലും സിനിമകള്‍ ചെയ്യാന്‍ ഇപ്പോള്‍ എനിക്ക് സാധിക്കില്ല(ചിരിക്കുന്നു). കാരണം ഇപ്പോള്‍ എനിക്ക് ഒരു മകനും ഭര്‍ത്താവും ഉണ്ട്. ഒരു സാധാരണ വീട്ടമ്മയെപ്പോലെ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ എനിക്കും ഉണ്ട്. ഇപ്പോള്‍ ഷൂട്ടിങ്ങിനിടയില്‍ തന്നെ ഇടവേളകളില്‍ മകനെക്കുറിച്ചുള്ള ആലോചനകള്‍ തന്നെയാണ് കടന്നുവരുന്നത്.

.എങ്ങനെയാണ് വീട്ടില്‍ നിന്നുമുള്ള സഹകരണം…?

.അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നല്ല സപ്പോര്‍ട്ട് ലഭിക്കാറുണ്ട്. കല്യാണം കഴിഞ്ഞാല്‍ ഒരു ബ്രെയ്ക്ക് വേണമെന്നുള്ളത് എന്റെ തീരുമാനമായിരുന്നു. അങ്ങനെ സിനിമയില്‍ നിന്നും വിട്ടുനിന്ന ആ സമയങ്ങളില്‍ നിരവധി അവസരങ്ങള്‍ വന്നപ്പോഴും അദ്ദേഹം എനിക്ക് നല്ല സപ്പോര്‍ട്ടായിരുന്നു. പിന്നെ ഈയൊരു സിനിമക്ക് വിളിച്ചപ്പോള്‍ എല്ലാം കൊണ്ടും എനിക്ക് സമയം ഒത്ത് വരികയായിരുന്നു. ഫാമിലിയുടെ ഒരു സപ്പോര്‍ട്ട് ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ് എനിക്ക് ഇന്ന് ഇത് ചെയ്യാന്‍ സാധിച്ചതും.

.ആറ് വര്‍ഷത്തെ യു.എസിലെ ലൈഫ് എങ്ങനെയായിരുന്നു?

. എന്നെ സംബന്ധിച്ചിടത്തോളം ലൈഫ് ഞാന്‍ എന്‍ജോയ് ചെയ്യുന്നത് അവിടെ ചെന്നിട്ടാണ്. ഇവിടെയെനിക്ക് മാര്‍ക്കറ്റില്‍ പോവാനോ സാധനങ്ങള്‍ വാങ്ങിക്കാനോ ഒന്നും പറ്റില്ലല്ലോ. അവിടെ ഞാനേറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത കാര്യങ്ങളും അത് തന്നെയായിരുന്നു. എവിടെ വേണമെങ്കിലും ഇറങ്ങി നടക്കാം. ബസ്സില്‍ കയറാം. അങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ ശരിക്കും ഞാന്‍ ആസ്വദിച്ചു. പിന്നീട് എനിക്കൊരു വീടായി, ഒരു മകനായി. അങ്ങനെ ലൈഫില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഓരോന്നോരോന്നായി ഞാന്‍ അറിയുകയായിരുന്നു. ശരിക്കും തിരക്ക് തന്നെയായിരുന്നു. തിരിച്ച് അതിലേക്ക് തന്നെയാണ് പോവുന്നതും.

.സിനിമയിലെ സൗഹൃദങ്ങളൊക്കെ അപ്പോഴും ഉണ്ടായിരുന്നോ …?

.എനിക്ക് വളരെ അടുപ്പമുള്ള സുഹൃത്തുക്കളുമായി എന്നും കണക്ഷനുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ.

.ആരൊക്കെയാണ് അടുത്ത സുഹൃത്തുക്കള്‍..?

. (ചിരിക്കുന്നു) അങ്ങനെ ആരെയും എടുത്ത് പറയുന്നില്ല. അത് പിന്നീട് ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ പ്രശ്‌നമാവും. ഞാന്‍ എന്നും എല്ലാവരെയും വിളിച്ച് സംസാരിക്കാറുള്ള ഒരാളൊന്നുമല്ല. എന്റെ സുഹൃത്തുക്കള്‍ക്കും അത് അറിയാം. പിന്നെ കഴിവതും എല്ലാവരെയും നാട്ടില്‍ വരുമ്പോള്‍ മീറ്റ് ചെയ്യാറുണ്ട്.. അല്ലാത്തപ്പോള്‍ ഫോണ്‍ ചെയ്ത് വിശേഷങ്ങളൊക്കെ അന്വേഷിക്കാറുണ്ട്.

.ആറ് വര്‍ഷത്തെ ഇടവേളയില്‍ സ്റ്റാര്‍ഡം നഷ്ടപ്പെട്ടുപോയി എന്ന് തോന്നുന്നുണ്ടോ…?

. ഏയ് ഒരിക്കലുമില്ല, ഞാനവിടെയായിരുന്നപ്പോഴും എവിടെ പുറത്ത് ചെന്നാലും മലയാളികള്‍ എന്നെ കണ്ടാല്‍ തിരിച്ചറിയാറുണ്ട്. ഓരോ തവണയും ഞാന്‍ നാട്ടില്‍ വരുമ്പോഴും ഞാന്‍ ഒരു സിനിമ നടിയാണ് എന്ന് എന്നെ ഓര്‍മ്മപ്പെടുത്തുന്നത് എന്റെ പ്രേക്ഷകര്‍ തന്നെയാണ്. എനിക്ക് തോന്നുന്നത് സിനിമയില്‍ ഒരു പ്രാവശ്യം അഭിനയിച്ചുകഴിഞ്ഞാല്‍ പിന്നെ നമ്മളെന്നും സിനിമയിലുള്ള ആള് തന്നെയാണ്.

.എന്തൊക്കെയായിരുന്നു യു.എസിലെ ഹോബീസ്…?

. ഞാന്‍ സിനിമകളൊക്കെ കാണാറുണ്ടായിരുന്നു. പിന്നെ കുക്കിങ്ങും അങ്ങനെയുള്ള മറ്റ് ചെറിയ ചെറിയ പരിപാടികളുമൊക്കെയായി മുന്നോട്ട് പോയി. മകനുണ്ടായതിന് മുന്‍പ് ഞങ്ങള്‍ ഒരുപാട് യാത്രകളൊക്കെ പോയിരുന്നു. അതിനുള്ള സമയങ്ങളൊക്കെ കുറഞ്ഞു. ഇപ്പോള്‍ മകന്റെ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.