
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് നടി സമാന്ത. ഇതുപോലുള്ള സ്വപ്നങ്ങൾ ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായിരുന്നെന്നും, ഒരുനാള്‍ നീ ഇവിടെ എത്തും എന്ന് തന്റെ ഉള്ളില്‍ നിന്ന് പോലും യാതൊരു ഉള്‍വിളിയും ഉണ്ടായിട്ടില്ലെന്നും, സാമന്ത കുറിച്ചു. രാഷ്ട്രപതി ഭവന്റെ മുന്നിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു സാമന്തയുടെ കുറിപ്പ്.
“ഞാന്‍ വളരുമ്പോള്‍ വഴികാട്ടാന്‍ എനിക്കൊരു ചിയര്‍ ലീഡറും ഉണ്ടായിരുന്നില്ല. ഒരുനാള്‍ നീ ഇവിടെ എത്തും എന്ന് എന്റെ ഉള്ളില്‍ നിന്ന് പോലും യാതൊരു ഉള്‍വിളിയും ഉണ്ടായിട്ടില്ല. ഇവിടേക്കൊരു റോഡ്മാപ്പും എനിക്കുണ്ടായിട്ടില്ല. ഇതുപോലുള്ള സ്വപ്നങ്ങൾ ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി തോന്നിയിരുന്നു. പക്ഷേ ശ്രമങ്ങള്‍ തുടരാന്‍ അനുവദിച്ച ഒരു രാജ്യത്ത് ഞാന്‍ എന്റെ യാത്ര തുടന്നുകൊണ്ടേയിരിക്കുന്നു. എന്നെന്നും നന്ദിയുള്ളവളാണ്.” സാമന്ത കുറിച്ചു.
നടൻ ഉണ്ണി മുകുന്ദനും അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ചിരുന്നു. ജീവിതത്തിൽ പുലർത്തിയ ആത്മാർഥതയ്ക്ക് ലഭിച്ച ബഹുമതിയാണെന്നായിരുന്നു ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘മാ ഇന്ദി ബങ്കാരം’ ആണ് സാമന്തയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ ടീസറും പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നന്ദിനി റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.