നിധിക്ക് പിന്നാലെ സാമന്തയും; പിന്തുടർന്ന് ആരാധകർ, സാരിയിൽ ചവിട്ടി ദേഹത്തേക്ക് വീഴാനൊരുങ്ങി യുവാവ്

','

' ); } ?>

നടി നിധി അഗർവാളിനെതിരേ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിന് പിന്നാലെ സമാനമായ അനുഭവം നേരിട്ട് നടി സാമന്ത റൂത്ത് പ്രഭു. നടിക്കുനേരെ ആരാധകർ തിക്കിത്തിരക്കിയെത്തുന്നതിന്റെയും, പിന്തുടർന്ന വൻ ആരാധകക്കൂട്ടത്തിൽനിന്ന് ഒരാൾ നടിക്കുമേലേക്ക് വീഴാനൊരുങ്ങുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഞായറാഴ്‌ച ഹൈദരാബാദിൽ ഒരു വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിൽ സാമന്ത പങ്കെടുത്തിരുന്നു. ഇവിടെ ചടങ്ങ് കഴിഞ്ഞ സാമന്ത തിരിച്ചുപോവും വഴിയാണ് ആരാധകരിൽനിന്ന് മോശം അനുഭവമുണ്ടായത്. നടിയെ പിന്തുടർന്ന വൻ ആരാധകക്കൂട്ടത്തിൽനിന്ന് ഒരാൾ നടിയുടെ സാരിയിൽ ചവിട്ടിവീഴുന്നതും വീഡിയോയിൽ കാണാം. എന്നാൽ ആരാധകരുടെ സമീപനത്തെ വളരെ സമചിത്തതയോടെയാണ് നടി നേരിട്ടത്.

ആരാധകരുടെ പെരുമാറ്റത്തിനെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. ‘രാജാസാബ്’ ഇവൻ്റിൽനിന്ന് ആരാധകർ പാഠം പഠിച്ചില്ലേ എന്നാണ് ചോദ്യം. സൗത്ത് ഇന്ത്യൻ ആരാധകർ എന്താണ് ഇങ്ങനെയെന്ന് ചില ഉത്തരേന്ത്യൻ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ചോദിക്കുന്നുണ്ട്. നേരത്തെ, നിധി അഗർവാളിനുനേരെയുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന വിമർശനത്തെത്തുടർന്നായിരുന്നു കേസ്. പരിപാടിക്ക് പോലീസ് അനുമതി വാങ്ങിയില്ലെന്നാണ് കേസ്.