നാഗ ചൈതന്യയുമായി പിരിയുന്നു എന്ന കാര്യം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് സാമന്ത പ്രഭു സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവര്‍ത്തനങ്ങളെ സമൂഹം വ്യത്യസ്ത കണ്ണുകളിലൂടെയാണ് കാണുന്നത് എന്നാണ് കുറിപ്പിന്റെ സാരാംശം.
‘സ്ത്രീകള്‍ ചെയ്യുമ്പോള്‍ നിരന്തരം ധാര്‍മികമായ ചോദ്യം ചെയ്യപ്പെടുകയും, അതേസമയം പുരുഷന്മാര് ചെയ്യുമ്പോള്‍ ധാര്‍മികമായി ചോദ്യം ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് അടിസ്ഥാനപരമായി ധാര്‍മ്മികതയില്ല,” ഫരീദ ഡിയുടെ വാക്കുകളാണ് സാമന്ത പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് നാഗ ചൈതന്യയുമായി പിരിയുന്നു വിവരം സാമന്ത അറിയിച്ചത്.വിവാഹ മോചനം നേടുന്ന സാമന്തയ്ക്ക് ജീവനാംശമായി നാഗചൈതന്യയും കുടുംബവും നല്‍കാനിരുന്ന 200 കോടി രൂപ താരം കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് സാമന്ത അറിയിച്ചത്.കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും അതിനാല്‍ പണം സ്വീകരിക്കാനാവില്ലെന്നും സാമന്ത പറഞ്ഞതായി അവരോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വ്യക്തിപരമായ പ്രശ്നങ്ങള്‍ മാറ്റിവച്ച് സാമന്ത ഇപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.’ഈ അവസരത്തില്‍ നിത്യവും ജോലിക്ക് പോകുന്നത് സാമന്തയെ സംബന്ധിച്ച് കഠിനമാണ്. അവര്‍ അത്രയും ഹൃദയം തകര്‍ന്നിരിക്കുകയാണ്. വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാല്‍ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ അവരുടെ പ്രൊജക്ടുകളെ ബാധിക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് സാമന്ത ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്’.റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം. നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു.