
നടി സാമന്ത വിവാഹിതയായെന്ന് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ച് സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായെന്നാണ് പുറത്തു വരുന്ന വാർത്തകൾ. 30-ഓളം അതിഥികള്‍ പങ്കെടുത്ത ചടങ്ങിൽ ചുവന്ന സാരിയിലാണ് സാമന്ത എത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. സാമന്തയും രാജും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു.
സാമന്തയും രാജും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നേരത്തെ രാജിനൊപ്പം സാമന്ത പങ്കുവെച്ച ഒരു ചിത്രം വൈറലായിരുന്നു. രാജിന്റെ ആദ്യ ഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022-ല്‍ വേര്‍പിരിഞ്ഞിരുന്നു.
ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. സീരിസിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. അതേസമയം, ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് രാജ് ആൻഡ് ഡികെ കോമ്പോ. എ ജന്റിൽമാൻ, ഫാമിലി മാൻ, സ്ത്രീ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ആണ് ഇവർ ഒരുക്കിയിട്ടുള്ളത്.