
പ്രിയ സുഹൃത്തും നടനുമായ സലീം കുമാറിൻ്റെ വേർപാടിൽ വിതുമ്പുന്ന ഓർമകളുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. പറവൂരിൽ സംഘടിപ്പിച്ച സലീം കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, അക്ഷരാർഥത്തിൽ തനിക്കൊരു കൂടപ്പിറപ്പിനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി വികാരാധീനനായി പറഞ്ഞു.
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സ്വന്തം നിലപാടുകൾ വെട്ടിത്തുറന്നു പറഞ്ഞ അചഞ്ചലനായ പ്രതിഭയായിരുന്നു സലീം കുമാറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. മലയാളികളുടെ കുടുംബസദസ്സുകളിൽ നർമ്മം വിതറി ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്ഥാനം ആർക്കും അടർത്തിമാറ്റാൻ കഴിയില്ല.
വർഷങ്ങളായുള്ള തങ്ങളുടെ ആത്മബന്ധവും മുഖ്യമന്ത്രി ചടങ്ങിൽ പങ്കുവെച്ചു. 2011-ൽ തനിക്ക് മന്ത്രിയാകാൻ കഴിയാതെ വന്നപ്പോൾ സലീം കുമാർ വീട്ടിലിരുന്ന് ഒരുപാട് കരഞ്ഞിരുന്നു. എന്നാൽ പിന്നീട് താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കഴിഞ്ഞതോടെ തന്റെ ജീവിതലക്ഷ്യം പൂർത്തിയായെന്ന് സലീം കുമാർ വികാരഭരിതനായി പറഞ്ഞതായും മുഖ്യമന്ത്രി വി. ഡി. സതീശൻ ഓർത്തെടുത്തു.
മുഖ്യമന്ത്രി വി. ഡി. സതീശന്റെ വാക്കുകൾ
“നമ്മളെല്ലാവരും നമ്മുടെ ഹൃദയത്തിൽ ഇടം കൊടുത്തിട്ടുള്ള സലീം കുമാറിന്റെ വേർപാടിൽ അതുമായി ബന്ധപ്പെട്ട ഒരു അനുസ്മരണ സമ്മേളനത്തിലാണ് നമ്മളെല്ലാം ഒത്തുചേർന്നിരിക്കുന്നത്. നമുക്ക് അദ്ദേഹം രോഗബാധിതനായിരുന്നു എങ്കിലും അവിശ്വസനീയമായ ഒരു വേർപാടാണ് പെട്ടെന്നുണ്ടായത്. സത്യത്തിൽ നമ്മുടെ കുടുംബത്തിൽ നിന്ന് ഒരാൾ പോയ ഒരു അനുഭവമാണ് എല്ലാവർക്കും, അദ്ദേഹത്തെ അറിയാവുന്നവർക്ക് എല്ലാവർക്കും ഉണ്ടായത്. അടുപ്പമുള്ളവർക്കെല്ലാം അദ്ദേഹം കുടുംബത്തിൽ അംഗമായിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു; സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാളായിരുന്നു.
എല്ലാ മലയാളി കുടുംബങ്ങളുടെയും കുടുംബ സദസ്സുകളിൽ നർമ്മം വിതറി നമ്മളെ എല്ലാവരെയും ചിരിപ്പിച്ചിട്ടുള്ളതാണ് അദ്ദേഹം. കാണുമ്പോൾ മാത്രമല്ല നമ്മൾ ചിരിക്കുന്നത്, ദൃശ്യത്തിൽ കാണുമ്പോൾ മാത്രമല്ല സലീം കുമാറിന്റെ നർമ്മം കേട്ട് നമ്മൾ ചിരിക്കുന്നത്, നമ്മളെല്ലാം പിന്നീട് അത് ഓർത്തോർത്ത് ചിരിക്കുമായിരുന്നു; അദ്ദേഹം അത്രമാത്രം വലിയ സ്ഥാനമാണ് എല്ലാവരുടെയും ഹൃദയത്തിൽ നൽകിയത് എന്ന് നമുക്കറിയാം. ഞാൻ പറഞ്ഞു, സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ വന്നാൽ പോലും ആ ട്രോളുകൾ വരുന്ന 80 ശതമാനവും സലീം കുമാറിന്റെ ഒരു മുഖം കാണിച്ചുകൊണ്ടിട്ടുള്ള ട്രോളുകൾ ആയിരിക്കും; കാരണം അത്രമാത്രം ആളുകളെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ജീവിത അവസ്ഥകളെ കുറിച്ച്, ജീവിതത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളെ കുറിച്ച്, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സലീം കുമാർ ഇവിടെ പറഞ്ഞതുപോലെ എല്ലാവരെയും ചിരിപ്പിക്കുകയായിരുന്നു.
എന്നാൽ തനിക്ക് ചിരിപ്പിക്കാൻ മാത്രമല്ല, തനിക്ക് ഗൗരവത്തോടുകൂടിയ ഒരു കഥാപാത്രത്തെ, ദേശീയ രംഗത്ത് ശ്രദ്ധേയമാകുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന് ‘ആദമിൻ്റെ മകൻ അബു’വിലൂടെ അദ്ദേഹം തെളിയിച്ചു; അതിൻ്റെ ഡയറക്ടർ സലിം അഹമ്മദ്, നമ്മുടെ ഈ വേദിയിൽ ഈ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ഉണ്ട്. സലീം കുമാറിനെ പോലുള്ള ഒരു താരത്തിൻ്റെ ഒരു റേഞ്ച്, അത് നമ്മളൊന്നും ഉദ്ദേശിക്കുന്ന തലത്തിലുള്ള ഒരു റേഞ്ച് അല്ല, അതിന് അപ്പുറത്തുള്ള ഒരു റേഞ്ച് ആണ് എന്ന് കണ്ടെത്തിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. അതാണ് അദ്ദേഹത്തെ ദേശീയ അവാർഡിലേക്ക് നയിച്ചത്, ഭരത് അവാർഡിലേക്ക് നയിച്ചത്. ആ ഭരത് അവാർഡ് സലീം കുമാറിനും മാത്രമല്ല കിട്ടിയത്; സലീം കുമാറിനെ ഇഷ്ട്ടപ്പെടുന്ന നമുക്കെല്ലാവർക്കും,
അദ്ദേഹത്തിന്റെ കുടുംബത്തിനും, അദ്ദേഹത്തിന് ഒരു കുടുംബമായി കരുതുന്ന ഈ പറവൂരിനും നമുക്കെല്ലാവർക്കും കിട്ടിയ ഒരു ഭരത് അവാർഡ് ആണ്. ആ ഭരത് അവാർഡ് കിട്ടിക്കഴിഞ്ഞപ്പോഴും അദ്ദേഹത്തിൻ്റെ പ്രതികരണം ഈ നാടിന് മുഴുവൻ കിട്ടിയ ഒരു സമ്മാനം എന്നുള്ള നിലയിലായിരുന്നു. ആ ഭരത് അവാർഡ് ആ ചിത്രവും അദ്ദേഹത്തെ മറ്റൊരു വ്യത്യസ്തമായ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇപ്പോൾ ഇവിടെ പല സിനിമകളും അദ്ദേഹവുമായി ബന്ധപ്പെട്ട് കാണിച്ചു; ഇത് കാണാത്ത ഒരു മലയാളി ഉണ്ടാവില്ല ഈ സിനിമകൾ എല്ലാം. അദ്ദേഹത്തിൻ്റെ വ്യത്യസ്ത വേഷങ്ങൾ ആസ്വദിക്കാത്ത ഒരാൾ പോലും അദ്ദേഹത്തിൽ ഉണ്ടാവില്ല. തന്റെ ആ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴും പൂർണമായ അതിനോടുള്ള കമ്മിറ്റ്മെൻ്റോടു കൂടി ഏതു മേഖലയിൽ നമ്മൾ പ്രവർത്തിക്കുമ്പോഴും നമുക്ക് വേണ്ടത് ആ മേഖലയോടുള്ള നമ്മുടെ അർപ്പണബോധമാണ്; സിനിമയിൽ ആണെങ്കിലും നാടകത്തിൽ ആണെങ്കിലും രാഷ്ട്രീയത്തിൽ ആണെങ്കിലും എവിടെയാണെങ്കിലും നമ്മൾ പൊതുപ്രവർത്തനത്തിൽ ആണെങ്കിലും കാണിക്കേണ്ട ഒരു അർപ്പണബോധമാണ്, ആ ഡെഡിക്കേഷൻ സലീം കുമാറിന് ഉണ്ടായിരുന്നു.
തന്റെ ജീവിതം സിനിമക്കുള്ളതാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു; ആ സിനിമ വരാൻ വേണ്ടി അദ്ദേഹം ഒരുപാട് നാൾ തൻ്റെ യുവത്വം, ഒരുപാട് നാൾ അദ്ദേഹം കാത്തിരുന്നു. കാത്തിരുന്ന് കാത്തിരുന്ന് അദ്ദേഹത്തിന് കിട്ടിയ അവസരങ്ങളെല്ലാം അദ്ദേഹം അത് ശ്രദ്ധേയമാക്കി മാറ്റി എന്നുള്ളതാണ് അദ്ദേഹത്തെ നമുക്ക് വ്യത്യസ്തനാക്കുന്നത്. ഈ രംഗത്ത് പൂർണമായ അർപ്പണബോധത്തോടെ ഉറച്ചു നിൽക്കുമ്പോഴും വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതൽ തൻ്റെ മനസ്സിൽ രൂഢമൂലമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അദ്ദേഹം അത് ഹൃദയത്തിലേറ്റി. വളരെ അപൂർവ്വം ആളുകൾക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണ് താൻ വിശ്വസിച്ച ഒരു പ്രത്യയശാസ്ത്രത്തെ ഹൃദയത്തിൽ ഇടം കൊടുത്ത് അത് കൊണ്ടുനടക്കുക, അതിൽ നിന്ന് ആ വിഷയം വരുമ്പോൾ അതിൽ വെള്ളം ചേർക്കാതിരിക്കുക, തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുക എന്നത്. അതിൽ ആർക്കൊക്കെ സങ്കടം വരുമോ, ആർക്കൊക്കെ വിഷമം വരുമോ, തൻ്റെ അവസരങ്ങൾ ഇല്ലാതാകുമോ എന്നൊന്നും അദ്ദേഹം സങ്കടപ്പെട്ടില്ല; തൻ്റെ, താൻ വിശ്വസിച്ച ആ പ്രത്യയശാസ്ത്രത്തിന് വേണ്ടിയിട്ടുള്ള ഒരു അചഞ്ചലമായ ഒരു കാർക്കശ്യത്തോടുകൂടിയ നിലപാട് അദ്ദേഹത്തിന് എല്ലാ കാലത്തും ഉണ്ടായിരുന്നു.
നമുക്കൊരു ഒരുപാട് പേർക്ക് പഠിക്കാനുണ്ട് ആ കാര്യത്തിൽ. എനിക്ക് വ്യക്തിപരമായി ഉണ്ടായ നഷ്ടം എനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത നഷ്ടമാണ്. അക്ഷരാർത്ഥത്തിൽ ഒരു സഹോദരനെ, ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് ഇത്. സ്നേഹം എന്ന് പറയുന്നത് നമ്മൾ എല്ലാ ദിവസവും ഫോൺ ചെയ്യുന്നതിലൂടെ അല്ല, നമ്മൾ എല്ലാ ദിവസവും കാണുന്നതിലൂടെ മാത്രമല്ല. നമ്മൾ കാണാതിരുന്നാലും നമ്മൾ ഫോൺ ചെയ്യാതിരുന്നാലും കുറെ ദിവസങ്ങൾ കൂടി നമ്മൾ കൂട്ടിമുട്ടിയാലും സ്നേഹവും ആ ഹൃദയബന്ധവും എത്ര വലുതാണ് എന്ന് എനിക്ക് ബോധ്യമാക്കി തന്ന ഒരാൾ കൂടിയാണ് സലീം കുമാർ; കാരണം അത്രമാത്രം ഞങ്ങൾ തമ്മിൽ അത്രമാത്രം ഹൃദയബന്ധം ഉണ്ടായിരുന്നു എന്നതാണ് എന്നെ ഇപ്പോൾ ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം. സലീം കുമാർ ഇവിടെ ഉണ്ട് എന്നുള്ള ഒരു ചിന്തയാണ്, നമ്മൾ പറവൂരിനെ കുറിച്ച് ചിന്തിക്കുമ്പോൾ സലീം കുമാറിനെ കുറിച്ച് ചിന്തിക്കും; സലീം കുമാറിൻ്റെ ആ ഒരു സാന്നിധ്യം എല്ലാ സ്ഥലത്തും ഉണ്ട്. അദ്ദേഹം വരുന്നത് വെള്ളപ്പൊക്കം വരുമ്പോൾ നമ്മളെ സഹായിക്കാൻ വരും, തിരഞ്ഞെടുപ്പ് വരുമ്പോൾ നമ്മളെ സഹായിക്കാൻ വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അപ്പോൾ സലീം കുമാറിന്റെ സാന്നിധ്യം നമ്മുടെ തൊട്ടരികിൽ ഉണ്ടാകും.
അത് കഴിഞ്ഞാൽ പിന്നെ അദ്ദേഹം യാത്രയാകും, അദ്ദേഹത്തിന്റെ ലോകത്തേക്ക് യാത്രയാകും. ഇടയ്ക്കൊരു വിളി വരും; പിന്നെ രോഗം വരുമ്പോൾ നമ്മൾ അന്വേഷിച്ച് നമ്മൾ അദ്ദേഹത്തോട് ചെല്ലണം, അപ്പോൾ മാത്രമേ രോഗവിവരത്തെക്കുറിച്ച് നമ്മളോട് പറയുകയുള്ളൂ. 10, 12 വർഷം മുമ്പ് ഗുരുതരമായ ഒരു രോഗം അദ്ദേഹത്തെ അലട്ടിയ സമയത്ത് അത് ഒളിച്ചു വയ്ക്കാനാണ് ശ്രമിച്ചത്; ഞാൻ അത് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തോട് സംസാരിച്ച്. ഇപ്പോഴും ആ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞതാണ്. പക്ഷേ തെരഞ്ഞെടുപ്പ് കാലത്തിൽ ഇവിടെ പരിപാടികൾക്ക് വരുമ്പോഴും ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നൽകിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം എനിക്ക് ഈ പറവൂരിൽ നൽകിയ പൗരസ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ്. അന്ന് എന്നോട് എൻ്റെ അടുത്ത് ചേർന്നിരുന്നുകൊണ്ട് എൻ്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, എനിക്ക് എനിക്ക് എല്ലാം പൂർത്തിയായതുപോലെയാണ് എന്ന്; അറം പറ്റിയ വാക്കുകൾ പോലെയാണ് ഇപ്പോൾ എനിക്ക് അത് തോന്നുന്നത്, ഇപ്പോൾ എല്ലാം പൂർത്തിയായതുപോലെയാണ് എന്ന്.
എനിക്ക് 2011-ൽ മന്ത്രിയാകാതെ വന്നപ്പോൾ ഞാൻ വീട്ടിൽ ഇരുന്ന് ഒരുപാട് കരഞ്ഞു; ഇപ്പോൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തിൽ പങ്കെടുക്കുന്നത് കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തിൽ എല്ലാം പൂർത്തിയായതുപോലെ എന്ന്. തന്റെ ഒരു സുഹൃത്തിന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനം ലഭിച്ചപ്പോൾ അത് തൻ്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയായി എന്ന് വിശ്വസിക്കുന്ന ഒരാളെ നമ്മൾ സുഹൃത്ത് എന്ന ചെറിയ വാക്കിൽ ഒതുക്കി നിർത്താൻ പറ്റുമോ എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്; അതിനേക്കാൾ എത്രയോ അപ്പുറമാണത്, എൻ്റെ ജീവിതലക്ഷ്യം പൂർത്തിയായി എന്നാണ് എന്നോട് കൈ പിടിച്ചുകൊണ്ട് പറഞ്ഞത്. ഞാൻ പറഞ്ഞു, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാൻ ആശ്വസിപ്പിക്കുകയായിരുന്നു.
ആ യാത്ര ചോദിക്കുന്ന വാക്കുകളാണ് സത്യത്തിൽ എന്നോട് പറഞ്ഞത്; യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് എനിക്ക് ഈ മരണവിവരം കേട്ടപ്പോൾ എനിക്ക് മനസ്സിലായി, എന്നോട് യാത്ര ചോദിക്കുകയായിരുന്നു. അത്ര വികാരനിർഭരമായിട്ടാണ് എൻ്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞത്. സലീം കുമാർ, നമുക്ക് ആരും വിചാരിച്ചാൽ നമ്മുടെ ഹൃദയത്തിൽ നിന്ന് നിങ്ങളെ അടർത്തി മാറ്റാൻ നമുക്ക് പറ്റില്ല. നമ്മുടെ ഹൃദയത്തിൽ ഒരു സ്ഥാനം നമ്മുടെ കുടുംബാംഗങ്ങൾക്ക്, നമുക്ക് ഇഷ്ടപ്പെട്ടവർക്ക്, നമ്മൾ ഏറ്റവുമധികം സ്നേഹിക്കുന്നവർക്ക് നമ്മൾ ഹൃദയത്തിൽ ഒരു ഇടം കൊടുത്ത സ്ഥലത്ത് സലീം കുമാർ അങ്ങ് തീർച്ചയായും ഉണ്ടാകും. എന്റെ മാത്രമല്ല, അങ്ങയെ സ്നേഹിക്കുന്ന അങ്ങയെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ഹൃദയത്തിൽ ഉണ്ടാകും എന്ന് മാത്രം വിനയപുരസരം പറഞ്ഞുകൊണ്ട് ഞാൻ ഈ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.”