“പ്രേം കുമാറിന്റേത് തെറ്റിദ്ധാരണ, അദ്ദേഹത്തെ മാറ്റിയത് കാലാവധി കഴിഞ്ഞത് കൊണ്ട്”; സജി ചെറിയാൻ

','

' ); } ?>

നിലപാടുകൾ തുറന്നു പറഞ്ഞത് കൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന പ്രേം കുമാറിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രേംകുമാറിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. കൂടാതെ നിലപാടുകളുടേയോ അഭിപ്രായങ്ങളുടേയോ പേരിലല്ല പ്രേംകുമാറിനെ മാറ്റിയതെന്നും കാലാവധി കഴിഞ്ഞത് കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

“സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ട്. അത് ഗവൺമെന്റിന്റെയോ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണം എന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. ജനാധിപത്യപരമായ ഈ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്‌കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാൽ തന്നെ, സച്ചിദാനന്ദൻ മാഷിന്റെ ആണെങ്കിലും പ്രേംകുമാറിന്റെ ആണെങ്കിലും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം ഈ സർക്കാരിനില്ല.” സജി ചെറിയാൻ കുറിച്ചു.

“ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ല എന്നത് ഞാൻ വ്യക്തമാക്കുന്നു. അദ്ദേഹം വൈസ് ചെയർമാനായും ശ്രീ രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയർമാന്റെ ചുമതല വഹിച്ചും നടത്തിയ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതും തൃപ്തികരവുമാണ്. എന്നാൽ, അക്കാദമി ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. ഇന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ ശ്രീ റസൂൽ പൂക്കുട്ടിയാണ് അടുത്ത ചെയർമാൻ ആയി സ്ഥാനം ഏറ്റെടുത്തത്. ഈ നിയമനം ശ്രീ പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ ഒരു സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ ഒരു പ്രക്രിയ മാത്രമാണ്. അല്ലാതെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ല. ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒരു തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നതിൽ ആശയവിനിമയപരമായ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുന്നതാണ്. അദ്ദേഹത്തിന് ഈ കാര്യത്തിൽ എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കും. അദ്ദേഹത്തിന്റെ കലാപരമായ സംഭാവനകളെയും അക്കാദമിയിലെ സേവനങ്ങളെയും സാംസ്‌കാരിക വകുപ്പ് എന്നും ബഹുമാനത്തോടെ തന്നെയാണ് കാണുന്നത്.” സജി ചെറിയാൻ കുറിച്ചു.

ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന അഭിപ്രായമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ മാറ്റാനുണ്ടായ കാരണമെന്ന് പ്രേം കുമാർ കുറിപ്പ് പങ്കുവെച്ചിരുന്നു. കൂടാതെ നിരന്തരം വർത്തമാനങ്ങൾ പറഞ്ഞിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് കവി സച്ചിദാനന്ദനെ ആരും പുറത്താക്കുന്നില്ലെന്നും, ഇരട്ടനീതിയുടെ പ്രത്യക്ഷ കാഴ്‌ചയാണ് ഇവിടെ കാണാനാവുന്നതെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തിരുന്നു.