
യുവനടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസ് വിവാഹിതനാകുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദിയെന്നും, നിന്റെ മുഖത്തെ ഈ ചിരി ഒരിക്കലും മായില്ലെന്ന് ഉറപ്പ് തരുന്നെന്നും കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ കാവ്യമ്മയ്ക്ക്… ജീവിതത്തിന് അതിന്റേതായ മനോഹരമായ സമയമുണ്ട്…എന്റേത്, നിന്നെ എന്റെ ലോകത്തേക്ക് കൊണ്ടുവന്നു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി, എന്നെ വിശ്വസിച്ചതിന്, എന്റെ ദിവസങ്ങളില്‍ പോസിറ്റീവിറ്റിയും സന്തോഷവും നിറച്ചതിന്, നിന്റെ മുഖത്തെ ഈ ചിരി ഒരിക്കലും മായില്ലെന്ന് ഞാന്‍ ഉറപ്പ് തരുന്നു. സ്നേഹത്തോടെ, നിന്റെ ശ്രീനി’- സായ് ശ്രീനിവാസ് കുറിച്ചു
ദീര്‍ഘനാളുകളായി സായ് ശ്രീനിവാസും കാവ്യയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന് ബോയപതി ശ്രീനു, അനില്‍ രവിപുടി, നടി സംയുക്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത് വിവാഹ നിശ്ചയം എന്നതിനപ്പുറം കുടുംബാംഗങ്ങളെ അറിയിക്കുന്ന ഒരു ചടങ്ങ് മാത്രമാണെന്നും ആഘോഷങ്ങള്‍ തുടങ്ങാന്‍ പോകുന്നതെയുള്ളുവെന്നും താരം പറഞ്ഞു.
സായ് ശ്രീനിവാസന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം കിഷ്കിന്ധാപുരിയാണ് . ടൈസണ്‍ നായിഡു, ഹൈന്ദവ തുടങ്ങി നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.