സര്‍ഗാത്മതകതയുടെ ഔന്നത്യത്തില്‍ നിന്നൊരു വിടവാങ്ങല്‍

','

' ); } ?>

എഴുത്തുകാരനാകട്ടെ സംവിധായകനാകട്ടെ തന്റെ കാലഘട്ടത്തെ പലതായി തിരിച്ചാല്‍ അതില്‍ സര്‍ഗാത്മകത ഏറ്റവും സജീവമായ കാലഘട്ടമുണ്ടാകും. അങ്ങിനെയൊന്നില്‍ നില്‍ക്കുമ്പോഴുള്ള ഒരാളുടെ വിടവാങ്ങല്‍ ആ മേഖലയ്ക്കുള്ള കനത്തനഷ്ടമാണ്. പറഞ്ഞതിനുമപ്പുറം, കാഴ്ച്ചയ്ക്കുമപ്പുറം അദ്ദേഹത്തില്‍ നിന്നും എന്തെല്ലാമോ ശേഷിക്കുന്നുണ്ടെന്ന ചിന്തയാണ് പിന്നീടേറെ അലട്ടുക. സച്ചി എന്ന എഴുത്തുകാരനും സംവിധായകനും ഇവിടെയാണ് മലയാളത്തിന് നഷ്ടമാകുന്നത്. തനി വാണിജ്യസിനിമകളുടെ ചേരുവകള്‍ കൂ്ട്ടിചേര്‍ത്ത് സിനിമകളുണ്ടാക്കി ഇരിപ്പിടമുറപ്പിചതിന് ശേഷമാണ് സച്ചി തന്നിലെ എഴുത്തുകാരനേയും, സംവിധായകനേയും രാകി മിനുക്കിയെടുത്തത്. വാണിജ്യ സിനിമകളില്‍ നിന്നുകൊണ്ടുതന്നെ പ്രണയത്തിന്റെ തീവ്രതയും, അഹം ബോധവും, വര്‍ഗ്ഗ പ്രശ്‌നവുമെല്ലാം സച്ചിയുടെ തിരക്കഥകള്‍ക്ക് മുതല്‍ക്കൂട്ടായി. വാണിജ്യസിനിമകളിലൂടെ തന്നെ ശക്തമായ ഇടപെടലുണ്ടെങ്കില്‍ രാഷ്ട്രീയം പറയാനാകുമെന്നതിന്റെ മിടുക്കാണ് അയ്യപ്പനും കോശിയും. ആ സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്ക് പിറകിലും ഓരോ സിനിമകള്‍ ഉണ്ടെന്ന എഴുത്തുകാരന്റെ കണ്ടെത്തലാണ് ആഴമളക്കാനാകാത്ത കയത്തിന്റെ നിശബ്ദദത പോലെയുള്ള അയ്യപ്പനും കോശിയിലേയും സൗന്ദര്യം. പറഞ്ഞ സിനിമകള്‍ക്കുമപ്പുറം സച്ചി പറയാനിരുന്ന സിനിമകളുടെ പേരിലാകും ഓര്‍മ്മിക്കപ്പെടുകയെന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ചു വളര്‍ന്നത്. മാല്യങ്കരയിലെ എസ്എന്‍എം കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദവും ഗവണ്മെന്റ് ലോ കോളേജ്, എറണാകുളത്തില്‍ നിന്ന് എല്‍എല്‍ബിയും പൂര്‍ത്തിയാക്കി. ക്രിമിനല്‍ നിയമത്തിലും ഭരണഘടനാ നിയമത്തിലും അഭിഭാഷകനായി 8 വര്‍ഷം കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. കോളേജ് പഠനകാലത്ത് തന്നെ സച്ചി കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലുമെല്ലാം സജീവമായിരുന്നു, നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥയിലൂടെ സച്ചി- സേതു കൂട്ടുകെട്ടാണ് ഇരുവര്‍ക്കും മലയാള ചലച്ചിത്രമേഖലയില്‍ ഇടംനേടിക്കൊടുത്തത്. ജനപ്രിയ സിനിമകളായ ചോക്ലേറ്റ് (2007), റോബിന്‍ഹുഡ് (2009), മേക്കപ്പ് മാന്‍ (2011), സീനിയേഴ്‌സ് (2012) എന്നിവയെല്ലാം ഇരുവരുടേയും തൂലികയിലൂടെ പിറന്ന ഹിറ്റുകളാണ്. തിരക്കഥാ രചനയുടെ ആകര്‍ഷകവും രസകരവുമായ ശൈലി തന്നെയായിരുന്നു സച്ചിയുടെ സവിശേഷത.

2011 ല്‍ സേതുവുമായുള്ള വേര്‍പിരിയലിനുശേഷം, ഒരേസമയം എഴുത്തുകാരന്‍ എന്ന നിലയിലും, സംവിധായകന്‍ എന്ന നിലയിലും സച്ചിയുടെ പ്രകടനം മികച്ചതായിരുന്നു. സംവിധായകന്‍ ജോഷിക്കൊപ്പം റണ്‍ ബേബി റണ്‍ എന്ന ത്രില്ലര്‍ ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നായിരുന്നു ഇത്. സച്ചിയുടെ രചനയില്‍ 2017ല്‍ ദിലീപ് അറസ്റ്റിലായ സമയത്ത് അരങ്ങേറ്റക്കാരനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമ ലീല വന്‍ഹിറ്റായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധായക സംരംഭമായ അനാര്‍ക്കലി ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ്. ഒരേ സമയം സംവിധായകനായി നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ സിനമകള്‍ക്കായി തൂലികചലിപ്പിച്ച പ്രതിഭ കൂടെയാണ് വിട വാങ്ങുന്നത്. സച്ചിയുടെ രചനയില്‍ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററില്‍ കളക്ഷന്‍ വാരിക്കൂട്ടിയതിന് തൊട്ടുപിന്നാലെയാണ് തന്റെ തന്നെ രചനയിലും സംവിധാനത്തിലും അയ്യപ്പനും കോശിയുമായ് സച്ചിയെത്തിയത്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് അയ്യപ്പനും കോശിയും. ഈ സിനിമയും വന്‍ ബോക്‌സ്ഓഫീസ് ഹിറ്റായിരുന്നു. സച്ചി എന്ന സംവിധായകനും, എഴുത്തുകാരനും കൂടുതല്‍ തിളങ്ങി നിന്ന സമയത്താണ് വിടവാങ്ങുന്നതെന്നത് മലയാള സിനിമയുടെ കനത്ത നഷ്ടമാണ്.