
പ്രസ് മീറ്റിങിനിടെ മാധ്യമ പ്രവർത്തകനിൽ നിന്നും ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന ഗൗരി കിഷന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥൻ. “തൻ്റെ ശരീരത്തോടുള്ള സ്നേഹവും അന്തസ്സും മാത്രമല്ല, അത്തരം ആൺബോധ്യങ്ങൾക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് ഗൗരിയുടെ ശബ്‌ദമെന്ന് ശബരീനാഥൻ പറഞ്ഞു. കൂടാതെ ‘നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന നാണംകെട്ട ചോദ്യങ്ങളോട് പുതിയ തലമുറയിലെ പെൺകുട്ടികൾ മിണ്ടാതിരിക്കുന്നില്ലെന്നത് സന്തോഷം നൽകുന്നുവെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘കാലാകാലങ്ങളായി സ്ത്രീകൾ മറുപടി പറയേണ്ടി വരുന്ന, സ്ത്രീകൾക്ക് നേരെ പ്രത്യക്ഷമായും പരോക്ഷമായും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ. പെണ്ണുടലിന്റെ അഴകിനെയും അളവിനെയും കുറിച്ചുള്ള ആൺധാരണകൾക്കാണ് എന്നും പ്രാമുഖ്യം. അത്തരം ആൺബോധ്യങ്ങൾക്കും അഴകളവുകൾക്ക് അനുസരിച്ചാണ് സിനിമയിലും സമൂഹത്തിലും അവൾ ഒരുങ്ങേണ്ടത്, തന്റെ ശരീരത്തെ മെരുക്കി എടുക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കിൽ അവൾ പരിഹസിക്കപ്പെടും, കളിയാക്കപ്പെടും. ഇതുപോലെ മുനകൂർത്ത ചോദ്യങ്ങൾ ഏറ്റുവാങ്ങേണ്ടിവരും’, ശബരീനാഥൻ പറഞ്ഞു
‘നിഷ്കളങ്കമെന്ന് തോന്നിക്കുന്ന ഈ നാണംകെട്ട ചോദ്യങ്ങളോട് പക്ഷേ, പുതിയ തലമുറയിലെ പെൺകുട്ടികൾ മിണ്ടാതിരിക്കുന്നില്ലെന്നത് സന്തോഷം നൽകുന്നു. തൻ്റെ ശരീരത്തോടുള്ള സ്നേഹവും അന്തസ്സും മാത്രമല്ല, അത്തരം ആൺബോധ്യങ്ങൾക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് ഗൗരിയുടെ ശബ്‌ദം. ആരെന്തു ചോദിച്ചാലും നാണിച്ചു തല കുനിയ്ക്കുന്ന പഴയ തലമുറയല്ല, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി സൂക്ഷ്‌മബോധ്യത്തോടെ മുന്നോട്ടുപോകുന്ന പുതിയ പെൺകുഞ്ഞുങ്ങളാണ് പ്രതീക്ഷയും സന്തോഷവും’, ശബരീനാഥൻ കൂട്ടിച്ചേർത്തു.
താര സംഘടനയായ അമ്മയും, ഗായിക ചിന്മയിയും, ഖുശ്ബുവും, അഹാനയും, സുപ്രിയമേനോനുമടക്കം നിരവധി പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേ സമയം തന്നെ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്കെതിരായ നിലപാടിലുറച്ച് തന്നെയാണ് നടി ഗൗരി കിഷൻ മുന്നോട്ട് പോകുന്നത്. താൻ സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും, നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചതെന്നും ഗൗരി പറഞ്ഞു. കൂടാതെ തന്റെ ശരീരം തന്റെ ചോയിസാണെന്നും, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു. സംഭവത്തിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
ഗൗരി കിഷന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ തന്നെ ബോഡി ഷെയിമിങ് ചെയ്ത യൂട്യൂബർക്ക് തക്കതായ മറുപടിയായിരുന്നു ഗൗരി നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറഞ്ഞു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.