
തമിഴ് സൂപ്പർതാരം എസ്. ജെ. സൂര്യ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുമെന്ന് അറിയിച്ചതോടെ വലിയ ജന ശ്രദ്ധ നേടിയിരുന്നു ഫഹദ് ഫാസിലുമായി ചേർന്നുള്ള ബഹുഭാഷാ ചിത്രം. വിപിൻ ദാസ് സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. എസ്. ജെ. സൂര്യക്കൊപ്പമുള്ള ഫഹദിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബജറ്റ് സംബന്ധമായ കാരങ്ങളാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് നിർമാതാക്കളിൽ ഒരാളായ എൻ.എം. ബാദുഷ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു സിനിമ ബാദുഷ സിനിമാസ് നിർമ്മിക്കുന്നുണ്ടെന്നും അതിന്റെ എല്ലാ ജോലികളും പൂർത്തിയായതായും ബാദുഷ അറിയിച്ചു. ഹണി റോസിനെ പ്രധാന കഥാപാത്രമാക്കിയ മറ്റൊരു ചിത്രം ഈ മാസം പുറത്തിറങ്ങിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.