രൂപേഷ് പീതാംബരന്‍ നായകനാകുന്ന S 376 D’, ടീസര്‍ പുറത്തുവിട്ടു…

നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ സിനിമാണ് ‘S 376 D’.ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, ലാല്‍ജോസ്, ധ്യാന്‍ ശ്രീനിവാസന്‍, തരുണ്‍ മൂര്‍ത്തി, രഞ്ജിത്ത്, നമിത പ്രമോദ് ഉള്‍പ്പെടെയുള്ള മാലയാളത്തിലെ പ്രമുഖ സിനിമ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേത് എന്ന് രൂപേഷ് പീതാംബരന്‍ പറയുന്നു. ശ്യാം അമ്പാടിയാണ് ചിത്രത്തി്‌നറെ ഛായാഗ്രാഹകന്‍. രൂപേഷിന് ഒപ്പം ഹരികൃഷ്ണന്‍ സാനുവും പ്രധാന കഥാപാത്രമായി എത്തുന്നു. നക്‌സല്‍ പശ്ചാത്തലത്തിലുള്ളതാണോ സിനിമ എന്ന് സംശയിപ്പിക്കുന്ന തരത്തിലുള്ളതാണ് ടീസര്‍.രാത്രിയില്‍ നടക്കുന്ന ഒരു സംഭവമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

തിരുവനന്തപുരത്ത് നിന്നും ഒരു കൂട്ടം സിനിമ പ്രേമികള്‍ ഒരുമിച്ച കൂട്ടായ്മയാണ് കെഎല്‍1 സിനിമാസ്. അവരുടെ ആദ്യ സിനിമ സംരംഭമാണി ചിത്രം.

വിനോദ് കൃഷ്ണയുടെ കരാമ എന്ന പ്രശസ്ത ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. അനുഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം അമ്പാടി ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റര്‍- ശരത് ഗീതാ ലാല്‍. സംഗീതം- ധീരജ് സുകുമാരന്‍. സൗണ്ട് ഡിസൈന്‍- ഷാബു എന്‍. സ്റ്റില്‍സ്- നന്ദു, മഹേഷ്. പബ്ലിസിറ്റി ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍. ചിത്രം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒടിടി റിലീസിനായി ഒരുങ്ങുകയാണ്.

1995 ല്‍ സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു രൂപേഷ് സിനിമാഭിനയത്തിന് തുടക്കമിട്ടത്. അതിനുശേഷം 1996 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത പ്രണവം എന്ന സീരിയലില്‍ അഭിനയിച്ചു. രൂപേഷ് വിദ്യാഭ്യാസത്തിനു ശേഷം ഐ ടി പ്രൊഫഷണലായി ബാംഗ്ലൂരില്‍ കുറച്ചുകാലം ജോലിചെയ്തു. സിനിമയോടുള്ള താത്പര്യം മൂലം അദ്ദേഹം ജോലി രാജിവെച്ച് ചലച്ചിത്രലോകത്തേയ്ക്കിറങ്ങി.

രൂപേഷ് പീതാംബരന്‍ സംവിധായകനായിട്ടാണ് സിനിമയിലേയ്ക്ക് തിരിച്ചുവന്നത്. 2012 ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തീവ്രം ആയിരുന്നു രൂപേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 2015 ല്‍ യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രം സംവിധാനം ചെയ്തു. രണ്ടു സിനിമകളുടെയും കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് രൂപേഷ് തന്നെയായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലൂടെ രൂപേഷ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നു. തുടര്‍ന്ന് രണ്ട് ചിത്രങ്ങളില്‍ കൂടി അദ്ദേഹം അഭിനയിച്ചു.