ഓസ്‌കര്‍ വേദിയില്‍ ലൈവായി ”നാട്ടു നാട്ടു” മുഴങ്ങും, ചുവട് വെയ്ക്കാന്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും

ഇന്ത്യയില്‍ നിന്ന് ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഓസ്‌കറില്‍ ഒരു ഗാനം നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടുന്നത്. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലെ ബ്ലോക്ക്ബസ്റ്റര്‍ ഗാനമായ ‘നാട്ടു നാട്ടു’ ആണ് പട്ടികയില്‍. ഇപ്പോഴിതാ ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ ഗാനം തത്സമയം അവതരിപ്പിക്കുമെന്ന വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് അക്കാദമി അധികൃതര്‍. ദി അക്കാദമി എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കഴിഞ്ഞ ദിവസം ഈ വിവരം പങ്കുവെച്ചത്. പാട്ട് കീരവാണി വേദിയില്‍ പാടും എന്ന അഭ്യൂഹം വന്നിരുന്നു എങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

മാര്‍ച്ച് 12-നാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുക. ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും വേദിയില്‍ ഗാനം ആലപിക്കും. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ വച്ചാകും പരിപാടി നടക്കുക. രാം ചരണും ജൂനിയര്‍ എന്‍ടിആറും വേദിയില്‍ ഗാനത്തിലെ മാസ്റ്റര്‍പീസ് ചുവട് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓസ്‌കര്‍ സ്റ്റേജില്‍ നാട്ടു നാട്ടുവിന് ചുവട് വെയ്ക്കുന്നതില്‍ തനിക്ക് വളരെ സന്തോഷമാണ് എന്ന് രാം ചരണ്‍ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോകമെമ്പാടും ശ്രദ്ധ നേടിയ ചിത്രമാണ് ആര്‍ആര്‍ആര്‍. സിനിമ പോലെ തന്നെ അതിലെ ഗാനവും ആഗോളതലത്തില്‍ ഏറ്റവും സെന്‍സേഷണല്‍ ട്രാക്കുകളിലൊന്നായി മാറി.യുക്രെയ്ന്‍ പ്രസിഡന്‍ഷ്യല്‍ പാലസിലെ മാരിന്‍സ്‌കി കൊട്ടാരത്തില്‍ വച്ച് 15 ദിവസങ്ങള്‍ കൊണ്ടാണ് ഗാനം ചിത്രീകരിച്ചത്. നൃത്തച്ചുവടുകള്‍ക്ക് ഒപ്പമുള്ള ആകര്‍ഷകമായ ട്യൂണ്‍ ഭാഷകളില്ലാതെ എല്ലാവരേയും പാട്ടിലേക്ക് ആകര്‍ഷിക്കുന്നതാണ്. യൂട്യൂബില്‍ 122 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച അന്താരാഷ്ട്ര ഗാനം, മികച്ച ഒറിജിനല്‍ ഗാനം എന്നീ വിഭാഗങ്ങളും ക്രിട്ടിക്‌സ് ചോയ്സ് അവാര്‍ഡുകളും നേടിയ ഗാനം ഓസ്‌കാറിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.